ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയെ ചാമ്പലാക്കി ഓസ്ട്രേലിയ; ആറു വിക്കറ്റ് വിജയം
Mail This Article
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 93 റൺസ്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
ബേത് മൂണിക്കു പുറമേ എലിസ് പെറി (15 പന്തിൽ 17), ആഷ്‌ലി ഗാർഡ്‌നർ (15 പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഫോബി ലിച്ഫീൽഡ് ഒൻപതു പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ അലീസ ഹീലി (മൂന്നു പന്തിൽ നാല്), ജോർജിയ വെയർഹാം (ആറു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധനി, ഇനോക രണവീര, സുഗന്ധിക കുമാരി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ, നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മേഗൻ ഷൂട്ട്, നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മോളിന്യൂക്സ് എന്നിവരാണ് ശ്രീലങ്കയെ തകർത്തത്. 40 പന്തിൽ 29 റൺസെടുത്ത നീലാക്ഷി ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നീലാക്ഷിക്കു പുറമേ രണ്ടക്കം കണ്ടത് 35 പന്തിൽ 23 റൺസെടുത്ത ഹർഷിത മാധവി, 15 പന്തിൽ 16 റൺസെടുത്ത അനുഷ്ക സഞ്ജീവനി എന്നിവർ മാത്രം.