മസൂദിനും (151), അബ്ദുല്ല ഷഫീഖിനും (102) സെഞ്ചറി; ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാൻ ശക്തമായ നിലയിൽ
Mail This Article
മുൾട്ടാൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ പാക്കിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 81 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്. ബാബർ അസം (22), സൗദ് ഷക്കീൽ (23) എന്നിവർ ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
സെഞ്ചറി നേടിയ ക്യാപ്റ്റൻ ഷാൻ മസൂദ് (151), ഓപ്പണർ അബ്ദുല്ല ഷഫീഖ് (102) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മസൂദ് 177 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതമാണ് 151 റൺസെടുത്തത്. 184 പന്തുകൾ നേരിട്ട ഷഫീഖ്, 10 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്തും പുറത്തായി. പാക്ക് നിരയിൽ നിരാശപ്പെടുത്തിയത് ഓപ്പണർ സയിം അയൂബ് (4) മാത്രം.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സൻ രണ്ടും ജാക്ക് ലീച്ച് ഒരു വിക്കറ്റും വീഴ്ത്തി.