ഒടുവിൽ കിരീടവരൾച്ച അവസാനിപ്പിച്ച് പ്രീതി സിന്റയും സംഘവും; സിപിഎൽ കിരീടം സെന്റ് ലൂസിയ കിങ്സിന്– വിഡിയോ
Mail This Article
ഗയാന∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും തുടരുന്നതിനിടെ, പഞ്ചാബ് കിങ്സ് ഉടമകളായ പ്രീതി സിന്റയ്ക്കും സംഘത്തിനും ഇതാ താൽക്കാലികാശ്വാസം. ഇവരുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിങ്സ് ഈ വർഷത്തെ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ഗയാന ആമസോൺ വാരിയേഴ്സിനെ ആറു വിക്കറ്റിന് തകർത്താണ് ഫാഫ് ഡുപ്ലേസി നായകനായ സെന്റ് ലൂസിയ കിങ്സിന്റെ കിരീടനേട്ടം.
ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ അനുകരിച്ച് കിരീടം ഏറ്റുവാങ്ങിയ ഡുപ്ലേസിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗയാന ആമസോൺ വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 138 റൺസ്. മറുപടി ബാറ്റിങ്ങിൽ 11 പന്തും ആറു വിക്കറ്റും ബാക്കിയാക്കി സെന്റ് ലൂസിയ കിങ്സ് ലക്ഷ്യത്തിലെത്തി. 22 പന്തിൽ രണ്ടു വീതം ഫോറും സിക്സും സഹിതം 39 റൺസുമായി പുറത്താകാതെ നിന്ന റോസ്റ്റൺ ചേസ്, 31 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്ന ആരോൺ ജോണ്‍സ് എന്നിവർ ചേർന്നാണ് സെന്റ് ലൂസിയയെ വിജയത്തിലെത്തിച്ചത്.
ഒരു ഘട്ടത്തിൽ 9.5 ഓവറിൽ നാലിന് 51 റൺസ് എന്ന നിലയിൽ തകർന്ന സെന്റ് ലൂസിയയെ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടു തീർത്താണ് ചേസ് – ജോൺസ് സഖ്യം രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് 50 പന്തിൽ അടിച്ചുകൂട്ടിയത് 88 റൺസ്! ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (21 പന്തിൽ 21), അക്കീം അഗസ്റ്റെ (15 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നേരത്തെ, നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത നൂർ അഹമ്മദിന്റെ നേതൃത്വത്തിലാണ് സെന്റ് ലൂസിയ, ഇമ്രാൻ താഹിർ ക്യാപ്റ്റനായ ഗയാന ആമസോൺ വാരിയേഴ്സിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. 12 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 25 റൺസെടുത്ത ഡ്വെയിൻ പ്രിട്ടോറിയസാണ് അവരുടെ ടോപ് സ്കോറർ. ഷായ് ഹോപ്പ് (24 പന്തിൽ 22), റൊമാരിയോ ഷെപ്പേർഡ് (9 പന്തിൽ പുറത്താകാതെ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.