റിങ്കു, പരാഗ് എന്നിവരുടെ കാര്യത്തിൽ സൂര്യയ്ക്കും ഗംഭീറിനും പിഴവുപറ്റി, ആവർത്തിക്കില്ലെന്ന് കരുതുന്നു: മുൻ പാക്ക് താരം
Mail This Article
ഇസ്‍ലാമാബാദ്∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ വിജയം നേടിയെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും കൈക്കൊണ്ട ചില തീരുമാനങ്ങൾ പാളിയെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി രംഗത്ത്. മത്സരത്തിൽ ഇന്ത്യ ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതാരങ്ങളായ റിങ്കു സിങ്, റിയാൻ പരാഗ് എന്നിവർക്ക് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പിഴവുകൾ അടുത്ത മത്സരത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷയും ബാസിത് പങ്കുവച്ചു.
‘‘എന്തുകൊണ്ടാണ് സൂര്യകുമാർ യാദവും ഗൗതം ഗംഭീറും ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചത്? അനായാസം 200 റൺസ് നേടാമായിരുന്ന ബാറ്റിങ് വിക്കറ്റായിരുന്നു ഗ്വാളിയറിലേത്. അവിടെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുന്നതായിരുന്നു ഉചിതം. അടുത്ത മത്സരത്തിൽ ഇന്ത്യ ഈ പിഴവു തിരുത്തുമെന്നു കരുതുന്നു. മഞ്ഞുള്ളപ്പോൾ ബോൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി ആ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇന്ത്യ അവരുടെ ബോളർമാരെ പ്രാപ്തരാക്കണം’ – ബാസിത് അലി പറഞ്ഞു.
ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനായി കാണുന്ന നിതീഷ് റെഡ്ഡിക്ക് ബോളിങ്ങിലും, യുവതാരങ്ങളായ റിയാൻ പരാഗിനും റിങ്കു സിങ്ങിനും ബാറ്റിങ്ങിലും ഇന്ത്യ അവസരം നൽകേണ്ടതായിരുന്നുവെന്ന് ബാസിത് അലി അഭിപ്രായപ്പെട്ടു.
‘‘ഈ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഒരു ഓൾറൗണ്ടറിനു കൂടി അവസരം നൽകിയിരുന്നു. അദ്ദേഹം രണ്ട് ഓവറാണ് ബോൾ ചെയ്തത്. അതു പോരാ. ബാറ്റിങ്ങിലും അദ്ദേഹം പുറത്താകാതെ നിന്നു. ഓൾറൗണ്ടർ സ്ഥാനത്തേക്കുള്ള ഈ മത്സരം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വേണമെങ്കിൽ റിങ്കു സിങ്ങിനും റിയാൻ പരാഗിനും ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകി അവസരം നൽകാമായിരുന്നു. പക്ഷേ, ഗംഭീറിന്റെ പദ്ധതി വ്യത്യസ്തമായിരിക്കാം. ബോളിങ്ങിൽ ആറു പേരും ബാറ്റിങ്ങിൽ എട്ടു പേരുമുള്ള തരത്തിലുള്ള ഈ ലൈനപ്പ് കൊള്ളാം.’ – ബാസിത് അലി ചൂണ്ടിക്കാട്ടി.