ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 556 റൺസ് അടിച്ച് പാക്കിസ്ഥാൻ; മൂന്നു പേർക്ക് സെഞ്ചറി
Mail This Article
മുൾട്ടാൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് വമ്പൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സെടുത്താണ് ബാറ്റിങ് അവസാനിപ്പിച്ചത്. ക്യാപ്റ്റൻ ഷാൻ മസൂദ് (177 പന്തിൽ 151), ഓപ്പണർ അബ്ദുല്ല ഷഫീഖ് (184 പന്തിൽ 102), സൽമാൻ ആഗ (119 പന്തിൽ 104) എന്നിവർ ആതിഥേയര്‍ക്കു വേണ്ടി സെഞ്ചറി തികച്ചു. 177 പന്തുകൾ നേരിട്ട സൗദ് ഷക്കീല്‍ 82 റൺസെടുത്തു പുറത്തായി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിർത്തുമ്പോൾ 1ന് 96 എന്ന നിലയിലാണ്. ഒലി പോപ്പിനെ (0) തുടക്കത്തിലേ നഷ്ടമായെങ്കിലും സാക് ക്രൗലി (64), ജോ റൂട്ട് (32) എന്നിവർ മറ്റു പരുക്കുകളില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചു.
ആദ്യ ദിവസം നാലിന് 328 റണ്‍സെന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച പാക്കിസ്ഥാന് രണ്ടാം ദിവസം സൗദ് ഷക്കീൽ, ആഗ സൽമാന്‍ എന്നിവരുടെ സെഞ്ചറികളാണു തുണയായത്. മുൾട്ടാനിലെ പിച്ചിൽ 149 ഓവറുകൾ പാക്കിസ്ഥാൻ ബാറ്റ് ചെയ്തപ്പോൾ ഇംഗ്ലണ്ട് ബോളർമാർ വെള്ളം കുടിച്ചു. 40 ഓവറുകൾ പന്തെറിഞ്ഞ സ്പിന്നർ ജാക് ലീഷ് 160 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ഗുസ് അകിൻസൻ, ബ്രൈഡൻ കാർസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ബംഗ്ലദേശിനെതിരായ രണ്ടു മത്സരങ്ങളും സ്വന്തം ആരാധകർക്കു മുന്നിൽ തോറ്റ പാക്കിസ്ഥാന്, ഇംഗ്ലണ്ടിനെതിരെ തിളങ്ങേണ്ടത് അത്യാവശ്യമാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ മുൾട്ടാനിലും മൂന്നാം പോരാട്ടം റാവൽപിണ്ടിയിലുമാണ്.