‘രാജസ്ഥാന്റെ ടോപ് സ്കോററെങ്കിലും 18 കോടിക്കൊന്നും ഇല്ല; ഉറപ്പുള്ളത് മൂന്നു താരങ്ങൾ മാത്രം’
Mail This Article
മുംബൈ∙ രാജസ്ഥാൻ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗിന് 18 കോടി രൂപ ലഭിക്കാനുള്ള മൂല്യമൊന്നുമില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാജസ്ഥാൻ നിലനിർത്താന്‍ ആഗ്രഹിക്കുന്ന ആദ്യ മൂന്നു താരങ്ങളിലും പരാഗ് ഉണ്ടാകില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. റിയാൻ പരാഗിനെ ടീമിനൊപ്പം നിര്‍ത്താൻ രാജസ്ഥാനു താൽപര്യമുണ്ടെങ്കിലും പ്രഥമ പരിഗണന നൽകില്ലെന്ന് ആകാശ് ചോപ്ര പ്രതികരിച്ചു.
‘‘ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ എന്നിവരെ ടീമിനൊപ്പം നിർത്താനായിരിക്കും രാജസ്ഥാൻ ശ്രമിക്കുക. ഇതിൽ ആര് ആദ്യം എന്നത് അവർക്കു തീരുമാനിക്കാം. ഈ മൂന്നു താരങ്ങളും ഉറപ്പാണ്. പിന്നീടാണു ചില പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകുക. റിയാൻ പരാഗിനു വേണ്ടി ശ്രമിക്കാൻ താൽപര്യമുണ്ടെങ്കിലും, ഞാൻ 18 കോടിയൊന്നും അദ്ദേഹത്തിന് മൂല്യം നൽകില്ല. സന്ദീപ് ശർമ അൺകാപ്ഡ് ആയ ഇന്ത്യൻ താരമാണ്. അതുകൊണ്ടു തന്നെ നാലു കോടി നൽകി അദ്ദേഹത്തെ നിലനിർത്താം. പിന്നീടുള്ളത് രണ്ട് റൈറ്റ് ടു മാച്ചുകളാണ്. അത് പരാഗിനും യുസ്‍വേന്ദ്ര ചെഹലിനും വേണ്ടി ഉപയോഗിക്കാവുന്നതാണ്.’’
‘‘ധ്രുവ് ജുറെലിന് ഈ ടീമിൽ മികച്ച ഭാവിയുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിലും പ്രതീക്ഷ വയ്ക്കണം. ജുറെലിന്റെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടില്ല. കാരണം അദ്ദേഹത്തിന് ഒരുപാട് അവസരങ്ങളൊന്നും കിട്ടിയിട്ടില്ല. ബാറ്റിങ് ക്രമത്തിൽ വളരെ താഴെയാണ് ജുറെലിന്റെ സ്ഥാനം. എങ്കിലും അദ്ദേഹത്തെ ഭാവി താരമായി ടീമിനൊപ്പം കൊണ്ടുപോകാവുന്നതാണ്.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
രാജസ്ഥാനു വേണ്ടി കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് കണ്ടെത്തിയ താരമാണ് റിയാൻ പരാഗ്. 14 മത്സരങ്ങളിൽനിന്ന് 573 റൺസാണ് 2024 ഐപിഎല്ലിൽ പരാഗ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ച രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണു പുറത്തായത്.