‘പ്രിയ 170–0, 152–0ന്റെ നാട്ടിലേക്ക് വന്നതിന് നന്ദി’: പാക്കിസ്ഥാനിലെത്തിയ ഇംഗ്ലണ്ടിനെ നന്ദിയറിയിക്കാൻ ഇന്ത്യയ്ക്ക് പരിഹാസം!
Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ കളിക്കാൻ തയാറായ ഇംഗ്ലണ്ട് ടീമിനു നന്ദി പറഞ്ഞുകൊണ്ട് സ്റ്റേഡിയത്തിൽ ഉയർന്ന ബാനറിൽ, ഇന്ത്യയ്ക്ക് പരിഹാസം. ഇരു ടീമുകളും തമ്മിൽ മുൾട്ടാനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും എതിരെ ഇന്ത്യ വഴങ്ങിയിട്ടുള്ള രണ്ട് കനത്ത തോൽവികളെ സൂചിപ്പിച്ചുകൊണ്ടുള്ള ഈ ബാനർ, ഇംഗ്ലണ്ട് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ ഇംഗ്ലണ്ട് ബാർമി ആർമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
‘ഡിയർ 170–0, താങ്ക്സ് ഫോർ കമിങ് ടു 152–0’ – ഇതായിരുന്നു ബാനറിലെ വാചകം. എന്താണ് സംഭവമെന്ന് ആശ്ചര്യപ്പെടാൻ വരട്ടെ. ഈ ടീമുകൾക്കെതിരെ 2021, 2022 ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യൻ ടീം ഈ ടീമുകൾക്കെതിരെ വഴങ്ങിയ തോൽവികളാണ് പരിഹാസത്തിനു പിന്നിലുള്ളത്. അത് എങ്ങനെയാണെന്നല്ലേ?
2021ലെ ട്വന്റി20 ലോകകപ്പിൽ ദുബായിൽവച്ച് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ, പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും (79*), ക്യാപ്റ്റൻ കൂടിയായ ബാബർ അസമും (68*) അർധസെഞ്ചറികളുമായി തിളങ്ങിയതോടെയാണ് ഇന്ത്യ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയത്. അന്നത്തെ പാക്കിസ്ഥാന്റെ സ്കോറാണ് ബാനറിൽ പ്രതിപാദിച്ചിരിക്കുന്ന 152–0.
തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിൽ അഡ്‌ലെയ്ഡിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോഴും, ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 168 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ജോസ് ബട്‍ലർ (80*), അലക്സ് ഹെയ്‍ൽസ് (86*) എന്നിവർ അർധസെഞ്ചറികളുമായി തിളങ്ങിയതോടെ ഇംഗ്ലണ്ട് 16 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അന്നത്തെ ഇംഗ്ലണ്ടിന്റെ സ്കോറാണ്, ബാനറിൽ പ്രതിപാദിച്ചിരിക്കുന്ന 170–0.
ഇന്ത്യയെ അപമാനിക്കാൻ ഉന്നമിട്ടുള്ള ബാനറിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇരു ടീമുകളെയും ഇന്ത്യ തോൽപ്പിച്ച മത്സരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ചില ആരാധകരുടെ മറുപടി.