‘രക്ഷകനായി പൂജാര ഇല്ലെങ്കിലും കുഴപ്പമില്ല, ഓസീസിനെ പ്രതിരോധത്തിലാക്കാൻ ഈ യുവതാരം മതി’
Mail This Article
മുംബൈ∙ ഓസ്ട്രേലിയന്‍ പര്യടനങ്ങളിൽ രക്ഷകനായിട്ടുള്ള ചേതേശ്വര്‍ പൂജാര ടീമിനൊപ്പമില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാകില്ലെന്ന് ഓസ്ട്രേലിയ മുൻ താരം ഷെയ്ൻ വാട്സൻ. യശസ്വി ജയ്സ്വാൾ പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ പൂജാര ഇല്ലാത്തത് ഒന്നും പ്രശ്നമേയല്ലെന്നാണ് വാട്സന്റെ നിലപാട്.
‘‘പൂജാരയുടെ കാര്യം പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പിഴവുകളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അത്രയേറെ ബാറ്റിങ് പ്രതിഭകളാണ് ഇന്ത്യയിൽനിന്നു വളർന്നുവരുന്നത്. യശസ്വി ജയ്സ്വാളിനെപ്പോലുള്ള ടോപ് ഓർഡർ ബാറ്റർമാർ അതിവേഗമാണു റണ്‍സ് സ്കോർ ചെയ്യുന്നത്.’’– വാട്സൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
‘‘പുറത്താക്കാനുള്ള ഒരു അവസരവും ജയ്സ്വാൾ എതിരാളികൾക്കു നൽകില്ല. ഇത്തരം ബാറ്റർമാർ ഓസ്ട്രേലിയയിലെത്തി അഗ്രസീവായി കളിച്ചാൽ, ഓസീസ് ബോളർമാർ പ്രതിരോധത്തിലാകും. ഇവർക്കു മികച്ച രീതിയിൽ തന്നെ കളി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.’’– വാട്സൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരെയാണ് ചേതേശ്വർ പൂജാര ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. ടെസ്റ്റിൽ 103 മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര 7195 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ സസെക്സിന്റെ താരമാണ് പൂജാര. മിഡിൽസെക്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം സെഞ്ചറി (129) നേടിയിരുന്നു. നവംബർ 22നാണ് ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. പെർത്തിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം.