പാക്കിസ്ഥാന് 82 ന് ഓൾഔട്ട്, 11 ഓവറിൽ കളി തീർത്തു; സെമി ഫൈനലിന് അരികെ ഓസ്ട്രേലിയ
Mail This Article
ദുബായ്∙ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി, ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലിന് അരികെ ഓസ്ട്രേലിയ. ദുബായിൽ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസ് ഒൻപതു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഫാത്തിമ സന ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 82 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
54 പന്തുകൾ ബാക്കി നിൽക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ വിജയ റൺസ് കുറിച്ചു. മൂന്നു മത്സരങ്ങളിൽ മൂന്നും ജയിച്ച ഓസീസ് 2.786 നെറ്റ് റൺറേറ്റുമായി ഏറെക്കുറെ സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. 21 റൺസ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ ആഷ്‍ലി ഗാർഡ്നറാണു കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനു വേണ്ടി നാലു താരങ്ങൾ മാത്രമാണു രണ്ടക്കം കടന്നത്. 32 പന്തിൽ 26 റൺസെടുത്ത അലിയ റയിസാണ് ടോപ് സ്കോറർ. സിദ്ര അമിൻ (18 പന്തിൽ 12), ഇറം ജാവേദ് (25 പന്തിൽ 12), നിദ ധർ (10 പന്തിൽ 10) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറര്‍മാർ. മറുപടി ബാറ്റിങ്ങിൽ 11 ഓവറിൽ ഓസ്ട്രേലിയ കളി തീർത്തു.
15 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസ് നിരയിൽ പുറത്തായത്. 23 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ അലീസ ഹീലി പരുക്കേറ്റു മടങ്ങുകയായിരുന്നു. 22 റൺസെടുത്ത എലിസ് പെറി പുറത്താകാതെനിന്നു. ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നിലവിൽ ആറു പോയിന്റുണ്ട്. നാലു പോയിന്റുമായി ഇന്ത്യയാണു രണ്ടാം സ്ഥാനത്ത്.