ADVERTISEMENT

ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയോടു തോറ്റ് ഇന്ത്യ. നിർണായക മത്സരത്തിൽ ഒന്‍പതു റൺസ് വിജയമാണ് ഓസീസ് നേടിയത്. 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 47 പന്തുകൾ നേരിട്ട താരം 54 റൺസാണ് അടിച്ചെടുത്തത്.

നാലു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ എട്ടു പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ചു. രണ്ടാമതുള്ള ഇന്ത്യയ്ക്കും മൂന്നാമതുള്ള ന്യൂസീലന്‍ഡിനും നാലു പോയിന്റു വീതമാണുള്ളത്. തിങ്കളാഴ്ചത്തെ ന്യൂസീലൻഡ്– പാക്കിസ്ഥാൻ പോരാട്ടം ഇന്ത്യയ്ക്കു നിർണായകമാകും. ജയിച്ചാൽ ന്യൂസീലന്‍ഡ് സെമിയിൽ കടക്കും. മൂന്നാമതായാൽ ഇന്ത്യ ലോകകപ്പിൽ സെമി കാണാതെ പുറത്താകും.

മറുപടി ബാറ്റിങ്ങില്‍ അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഹർ‍മൻപ്രീത് കൗറാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയത്. ഓപ്പണർമാരായ സ്മ‍ൃതി മന്ഥാനയും ഷെഫാലി വർമയും ചേർ‍ന്ന് 26 റൺസ് കൂട്ടിച്ചേർത്തു. സ്മൃതി ആറു റൺസെടുത്തു പുറത്തായി. ജെമീമ റോഡ്രിഗസിനും (12 പന്തിൽ 16) അധിക നേരം പിടിച്ചുനില്‍ക്കാൻ സാധിച്ചില്ല. ഹർമൻ‍പ്രീതിനൊപ്പം ദീപ്തി ശർമ കൂടി ചേർന്നതോടെ ഇന്ത്യ 15.1 ഓവറിൽ‍ 100 പിന്നിട്ടു. സ്കോർ 115 ല്‍ നിൽക്കെ ദീപ്തിയെ സോഫി മോലിനൂക്സ് പുറത്താക്കി. 

പിന്നാലെയെത്തിയ റിച്ച ഘോഷ്, പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഡി എന്നിവർ പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അവസാന ഓവറിൽ 14 റണ്‍സാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. അനബെൽ സതർലൻഡ് എറിഞ്ഞ ഓവറിൽ നാലു വിക്കറ്റ് വഴങ്ങി നാലു റൺസ് മാത്രമാണ് ഇന്ത്യൻ താരങ്ങൾക്കു നേടാൻ സാധിച്ചത്. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 151 റൺസെടുത്തു. 41 പന്തിൽ‍ 40 റൺ‍സെടുത്ത ഓപ്പണർ ഗ്രേസ് ഹാരിസാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ തഹ്‍ലിയ മഗ്രോ (26 പന്തിൽ 32), എലിസ് പെറി (23 പന്തിൽ 32) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ഇന്ത്യയ്ക്കായി രേണുക സിങ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർക്ക് നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.

English Summary:

India Women vs Australia Women, 14th Match, Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com