ADVERTISEMENT

ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ പേസര്‍ മുസ്തഫിസുർ റഹ്മാനെതിരെ സഞ്ജു പറത്തിയ സിക്സറിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. ഓഫ് സ്റ്റംപിനു പുറത്തുവന്ന പന്ത് ബാക്ക് ഫൂട്ടിൽ കവർ ഏരിയയ്ക്കു മുകളിലൂടെയാണ് സഞ്ജു സിക്സർ അടിച്ചത്. അനായാസമുള്ള സഞ്ജുവിന്റെ നീക്കം കണ്ട് കമന്റേറ്ററും മുൻ ഇന്ത്യൻ പരിശീലകനുമായി രവി ശാസ്ത്രി വരെ ഞെട്ടിപ്പോയി. സ്ഫോടനാത്മകമായ ഷോട്ടെന്നാണു സഞ്ജുവിന്റെ നീക്കത്തെ രവി ശാസ്ത്രി വിശേഷിപ്പിച്ചത്.

രാജസ്ഥാന്‍ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായിരുന്ന മുസ്തഫിസുറിന്റെ എട്ടാം ഓവറിലായിരുന്നു എല്ലാവരെയും അദ്ഭുതപ്പെടുത്തിയ സിക്സ‍ർ പിറന്നത്. ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലയും സഞ്ജുവിന്റെ സിക്സിനെ പുകഴ്ത്തി രംഗത്തെത്തി. ‘‘സഞ്ജു മുസ്തഫിസുറിനെ അടിച്ച സിക്സ് നിങ്ങൾ കണ്ടിരുന്നോ? അതു ചെയ്യാൻ അസാമാന്യമായ കഴിവു വേണം.’’– ഹർഷ ഭോഗ്‍ല എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ബംഗ്ലദേശ് സ്പിന്നർ റിഷാദ് ഹുസെയ്ന്റെ പത്താം ഓവറിലെ അഞ്ച് പന്തുകള്‍ സഞ്ജു തുടർച്ചയായി സിക്സർ പറത്തി. ആദ്യ പന്തു വിട്ടുകളഞ്ഞ ശേഷമായിരുന്നു മലയാളി താരത്തിന്റെ സിക്സടി മേളം. ഈ ഓവറിൽ മാത്രം 30 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ട്വന്റി20 ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു.

ഒരോവറിൽ 36 റൺസടിച്ച് ചരിത്രമെഴുതിയ യുവരാജ് സിങ്ങും രോഹിത് ശർമയുമാണ് മലയാളി താരത്തിനു മുന്നിലുള്ളത്. ബംഗ്ലദേശിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന സ്കോറാണിത്.

English Summary:

Sanju Samson Six Against Bangladesh, Left Ravi Shastri, Harsha Bhogle Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com