വനിതാ ട്വന്റി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വിൻഡീസ് സെമിയിൽ
Mail This Article
ദുബായ്∙ നിലനിൽപിന്റെ പോരാട്ടത്തിൽ എങ്ങനെ കളിക്കണമെന്ന് വെസ്റ്റിൻഡീസിനെ കണ്ടുപഠിക്കണം ! വനിതാ ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് തോൽപിച്ച വിൻഡീസ് സെമിഫൈനലിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 2 ഓവർ ബാക്കി നിൽക്കെ മറികടന്ന വിൻഡീസ് മികച്ച നെറ്റ് റൺറേറ്റോടെ ബി ഗ്രൂപ്പ് ചാംപ്യൻമാരായാണ് സെമിയിൽ എത്തിയത്.
സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 7ന് 141. വെസ്റ്റിൻഡീസ് 18 ഓവറിൽ 4ന് 142. ഒന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത ക്വാന ജോസഫ് (38 പന്തിൽ 52)– ഹെയ്‌ലി മാത്യൂസ് (38 പന്തിൽ 50) സഖ്യമാണ് വിൻഡീസിനെ അനായാസ ജയത്തിൽ എത്തിച്ചത്. മത്സരത്തിനു മുൻപ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട്, തോൽവിയോടെ മൂന്നാം സ്ഥാനത്തേക്കു വീണു. ഇതോടെ ബി ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയിലെത്തി.