18 കോടിക്ക് പന്തിനെ നിലനിർത്താം, പക്ഷേ ഡൽഹിയുടെ ക്യാപ്റ്റനാക്കില്ല; ഇന്ത്യന്‍ ഓള്‍റൗണ്ടർക്ക് ചുമതല?
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ് പന്തിന് ക്യാപ്റ്റൻസി ഇല്ലാതെ കളിക്കേണ്ടിവരുമോ? ഡൽഹി ടീം മാനേജ്മെന്റിൽനിന്നു ലഭിക്കുന്ന സൂചനകൾ പ്രകാരം നായകനെ മാറ്റുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നു ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാന പരിശീലകൻ റിക്കി പോണ്ടിങ് ടീം വിട്ടതോടെ പ്രധാന മാറ്റങ്ങൾക്കാണ് ഡൽഹി മാനേജ്മെന്റ് ഒരുങ്ങുന്നത്. പക്ഷേ ക്യാപ്റ്റനെ മാറ്റാൻ അവർ ഒരുങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഋഷഭ് പന്തിനെ മാറ്റിയാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇന്ത്യൻ ഓൾറൗണ്ടർ അക്ഷര്‍ പട്ടേലിനെയാണ് ഡൽഹി പരിഗണിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന അക്ഷർ ക്യാപ്റ്റൻസിയിലും മിടുക്കനാകുമെന്നാണു മാനേജ്മെന്റിന്റെ വിലയിരുത്തൽ. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായാലും 18 കോടി രൂപ നൽകി പന്തിനെ വിക്കറ്റ് കീപ്പറായി നിലനിർത്താൻ ഡൽഹിക്കു താൽപര്യമുണ്ട്.
എന്നാൽ ക്യാപ്റ്റൻസി നഷ്ടമായാൽ പന്ത് ഡൽഹിയിൽ കളിക്കുമോയെന്നു വ്യക്തമല്ല. ക്യാപ്റ്റൻസിയുടെ സമ്മര്‍ദം ഒഴിവായാൽ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പറുടെ റോളിലും പന്തിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണു ഡൽഹി ക്യാപിറ്റൽസിന്റെ നിലപാട്. ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീം വിട്ടേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘‘ലേലത്തിൽ പോയാൽ തന്നെ ആരെങ്കിലും വാങ്ങുമോ? എത്ര രൂപ വരെ കിട്ടും?’’– എന്നൊക്കെ പന്ത് സമൂഹമാധ്യമങ്ങളിൽ ചോദിച്ചിരുന്നു. പന്തിന്റെ ഈ നീക്കവും ഡൽഹി മാനേജ്മെന്റിനു രസിച്ചിട്ടില്ല.
അക്ഷർ പട്ടേൽ അല്ലെങ്കിൽ ഏതെങ്കിലും വിദേശ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൊണ്ടുവരുന്ന കാര്യവും ഡൽഹി പരിഗണിച്ചേക്കും. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് നിലവിലെ ടീമിലെ ആറു താരങ്ങളെ ഒരു ടീമിനു നിലനിർത്താവുന്നതാണ്. എന്നാൽ ഡൽഹി മൂന്നു പേരെ മാത്രമാകും നിലനിർത്തുകയെന്നാണു പുറത്തുവരുന്ന വിവരം.