കിവീ ജയ്; വനിതാ ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിന് കന്നി കിരീടം
Mail This Article
ദുബായ് ∙ ഏഷ്യൻ വൻകരയിൽ ഒരു ദിവസത്തിനിടെ ക്രിക്കറ്റിൽ കിവീസിന് 2 ചരിത്ര വിജയങ്ങൾ. 36 വർഷത്തെ കാത്തിരിപ്പിനുശേഷം പുരുഷ ടീം ഇന്ത്യയിൽ ടെസ്റ്റ് വിജയം സ്വന്തമാക്കിയതിന്റെ ആഘോഷം അവസാനിക്കും മുൻപ് ദുബായിൽ വനിതാ ടീം ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപിച്ചാണ് ന്യൂസീലൻഡ് വനിതകൾ ലോകകപ്പിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ 5ന് 158. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 9ന് 126. ബാറ്റുകൊണ്ടും (38 പന്തിൽ 43) പന്തുകൊണ്ടും (3 വിക്കറ്റ്) കിവീസിന്റെ വിജയശിൽപിയായി മാറിയ യുവതാരം അമേലിയ കെർ ആണ് പ്ലെയർ ഓഫ് ദ് മാച്ച്. പ്ലെയർ ഓഫ് സീരീസും അമേലിയ തന്നെ.
ലോകകപ്പിന്റെ തുടക്കത്തിൽ അധികമാരും സാധ്യത കൽപിക്കാതിരുന്ന ടീമായിരുന്നു ന്യൂസീലൻഡ്. തുടരെ 11 മത്സരങ്ങൾ തോറ്റതിന്റെ നാണക്കേടുമായെത്തിയ അവർ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഇന്ത്യയ്ക്കെതിരെ നേടിയ ജയത്തോടെ തുടങ്ങിയ അവിശ്വസനീയ കുതിപ്പാണ് കന്നി കിരീടത്തിലെത്തിയത്. മറുവശത്ത് ട്വന്റി20 ലോകകപ്പിലെ കലാശത്തോൽവികളുടെ കണ്ണീർ മായ്ക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിരാശയോടെ തിരിച്ചു കയറേണ്ടിവന്നു. വനിതാ ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയപ്പോൾ ഈ വർഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ പുരുഷ ടീം ഇന്ത്യയോട് കീഴടങ്ങിയിരുന്നു.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 158 റൺസിന്റെ മികച്ച സ്കോറുയർത്തി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ആദ്യ 7 ഓവറിൽ 50 റൺസ് നേടി തുടങ്ങിയ കിവീസിനെ മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർ പിടിച്ചുകെട്ടിയിരുന്നു. എന്നാൽ അവസാന 6 ഓവറിൽ 73 റൺസ് നേടിയ വെടിക്കെട്ടിലൂടെ ടീം സ്കോർ 158ൽ എത്തി. ട്വന്റി20 ലോകകപ്പിലെ 42–ാം മത്സരം കളിക്കുന്ന മുപ്പത്തേഴുകാരി സൂസി ബേറ്റ്സും (31 പന്തിൽ 32) ടീമിലെ യുവതാരം ഇരുപത്തിനാലുകാരി അമേലിയ കെറും (38 പന്തിൽ 43) ചേർന്നാണ് ന്യൂസീലൻഡിന് മികച്ച ടോട്ടൽ സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങിന്റെ തുടക്കവും വെടിക്കെട്ടിലൂടെയായിരുന്നു. ക്യാപ്റ്റൻ ലോറ വോൾവർട്ടും (27 പന്തിൽ 33) തസ്മിൻ ബ്രിറ്റ്സും (18 പന്തിൽ 17) ഒന്നാം വിക്കറ്റിൽ 41 പന്തിൽ 51 റൺസ് നേടി. എന്നാൽ ഏഴാം ഓവറിലെ അവസാന പന്തിൽ ബ്രിറ്റ്സിനെ പുറത്താക്കിയ ഫ്രാൻ ജോനാസ് കളി തിരിച്ചു. ലോറയെ പത്താം ഓവറിൽ അമേലിയ കെറും വീഴ്ത്തിയതോടെ മത്സരം പൂർണമായി കിവീസ് നിയന്ത്രണത്തിലായി. ഫീൽഡിങ്ങിലും ഉജ്വല മികവ് കാട്ടിയ ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കൻ മധ്യനിരയെ ചുരുട്ടിക്കെട്ടി.