ഡൈവ് ചെയ്തിട്ടും പന്ത് റൺഔട്ടിൽനിന്ന് രക്ഷപെട്ടില്ല, ഉത്തരവാദി വിരാട് കോലിയോ? വൻ വിമർശനം
Mail This Article
പുണെ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർ ഋഷഭ് പന്ത് പുറത്തായതിൽ വിരാട് കോലിക്ക് രൂക്ഷവിമർശനം. നോൺ സ്ട്രൈക്കറായിരുന്ന ഋഷഭ് പന്തിന്റെ റൺഔട്ടിലേക്കു നയിച്ചത്, ‘ഇല്ലാത്ത’ സ്കോർ കണ്ടെത്താനുള്ള കോലിയുടെ തിടുക്കമായിരുന്നെന്നാണു വിമർശനം. രണ്ടാം ഇന്നിങ്സിൽ മൂന്നു ബോളുകൾ നേരിട്ട പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. അതേസമയം റണ്ണിനായി ഓടാൻ ശ്രമിച്ച കോലിയെ നോൺ സ്ട്രൈക്കറായിരുന്ന ഋഷഭ് പന്ത് തടയണമായിരുന്നെന്നും സമൂഹമാധ്യമത്തിൽ ഒരു വിഭാഗം ആരാധകർ വാദിക്കുന്നു.
359 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ടീം പിന്തുടരുന്നതിനിടെ 23–ാം ഓവറിലായിരുന്നു സംഭവം. അജാസ് പട്ടേൽ എറിഞ്ഞ ബോൾ കോലി ഷോർട്ട് തേഡ് മാനിലേക്കാണ് അടിച്ചത്. തുടർന്ന് കോലി റണ്ണിനായി മുന്നോട്ടുകുതിക്കുകയായിരുന്നു. ഇതു കണ്ട് പന്തും ഓടിയെങ്കിലും, മിച്ചൽ സാന്റ്നറും വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലും ചേർന്ന് റൺഔട്ടാക്കുകയായിരുന്നു. ക്രീസിലെത്താൻ പന്ത് ഡൈവ് ചെയ്തുനോക്കിയെങ്കിലും റീപ്ലേയിൽ താരം ഔട്ടാണെന്നു തെളിഞ്ഞു.
നിർണായക സമയത്ത് പന്തിന്റെ വിക്കറ്റു കളഞ്ഞത് കോലിയാണെന്ന് ആരാധകർ വിമര്‍ശിക്കുന്നു. രണ്ടാം ഇന്നിങ്സിൽ 40 പന്തുകൾ നേരിട്ട കോലി 17 റൺസെടുത്തു പുറത്തായിരുന്നു. 359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ന്യൂസീലൻഡിന് 113 റൺസ് വിജയം. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് 2–0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.