ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം, പിച്ചിന്റെ സ്വഭാവം പ്രവചിക്കാനാകില്ല: കൂട്ടായ പരാജയമെന്ന് രോഹിത്
Mail This Article
പുണെ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തോൽവി വഴങ്ങിയതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു രോഹിത്തിന്റെ പ്രതികരണം. ആവശ്യത്തിന് റൺസ് കൂട്ടിച്ചേർക്കാൻ ബാറ്റർമാർക്കു സാധിച്ചില്ലെന്നും രോഹിത് ശര്‍മ പ്രതികരിച്ചു. രണ്ടാം ടെസ്റ്റ് 113 റൺസിന് ജയിച്ചതോടെ, മൂന്നു മത്സരങ്ങളുള്ള പരമ്പര ന്യൂസീലൻഡ് 2–0ന് സ്വന്തമാക്കിയിരുന്നു.
‘‘ഒരിക്കലും പ്രതീക്ഷിക്കാത്തൊരു മത്സരഫലമായിരുന്നു ഇത്. ന്യൂസീലൻഡിനാണ് എല്ലാ ക്രെഡിറ്റും. ഈ തോൽവിയിൽ നിരാശയുണ്ട്. ചില അവസരങ്ങൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. ആവശ്യമായ സ്കോർ കണ്ടെത്താൻ ബാറ്റർമാർക്കു സാധിച്ചില്ല. 20 വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമാണു നമ്മൾ ഒരു കളി ജയിക്കുക. പുണെയിലെ പിച്ചിന്റെ സ്വഭാവം പ്രവചിക്കാൻ സാധിക്കാത്തതാണ്.’’
‘‘ആദ്യ ഇന്നിങ്സിൽ കുറച്ചധികം റൺസ് നേടാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരാൻ ശ്രമിക്കും. ഇന്നു സംഭവിച്ചത് ഒരു കൂട്ടായ പരാജയമാണ്. അതിൽ ബാറ്റർമാരെയോ, ബോളര്‍മാരെയോ കുറ്റപ്പെടുത്താൻ താൽപര്യമില്ല.’’– രോഹിത് ശർമ വ്യക്തമാക്കി.