ADVERTISEMENT

ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ പലതവണ മികവു തെളിയിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളിൽ ഉൾപ്പെടുത്താത്തതിൽ ബിസിസിഐയ്ക്ക് രൂക്ഷ വിമർശനം. ഋതുരാജ് ഗെയ്‌ക്‌വാദിനോടുള്ള ടീമിന്റെ സമീപനത്തിൽ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. മികച്ച ഫോമിൽ കളിച്ചിട്ടും ഗെയ്‌ക്‌വാദിനെ പരിഗണിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് വ്യക്തമാക്കി.

‘‘എനിക്ക് ഇതിനു പിന്നിലെ ചിന്ത മനസ്സിലാകുന്നേയില്ല. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ മായങ്ക് യാദവ് ഇപ്പോൾ ശിവം ദുബെയേയും റിയാൻ പരാഗിനേയും പോലെ ഫിറ്റല്ലെന്നാണ് അവർ പറയുന്നത്. ഋതുരാജ് ഗെയ്ക്‌വാദിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പാവം ചെറുപ്പക്കാരൻ. അദ്ദേഹം ഇനി എന്തു ചെയ്യും? ഏതെങ്കിലും മത്സരത്തിൽ സെഞ്ചറി നേടിയാൽ അവർ ഗെയ്ക്‌വാദിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തുമായിരിക്കും, അല്ലേ?

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ടു സെഞ്ചറി നേടിയ താരമാണ് ഗെയ്‌ക്‌വാദ്. എന്നിട്ടും അവസരം നൽകിയില്ല. ഗെയ്‌ക്‌വാദിനെ സംബന്ധിച്ച് അദ്ദേഹത്തിനുള്ള ഏറ്റവും അനുകൂലമായ ഘടകം അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ്. രണ്ടു ടീമിലും ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ ആ താരം എവിടേക്കു പോകും?’ – ശ്രീകാന്ത് ചോദിച്ചു.

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ നായകനായി നിയോഗിക്കപ്പെട്ട ഗെയ്ക്‌വാദ്, ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറാകുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ തകർപ്പൻ ഫോമിലായിരുന്നു താരം. എന്നിട്ടും, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മികച്ച ഫോമിലുള്ള ബംഗാൾ താരം അഭിമന്യു ഈശ്വരനാണ് സിലക്ടർമാർ അവസരം നൽകിയത്. ഗെയ്‌ക്‌വാദിനെ തഴയുകയും ചെയ്തു.

‘‘അഭിമന്യു ഈശ്വരന്റെ പ്രകടനം മികച്ചതായിരുന്നു. സമ്മതിച്ചു. അദ്ദേഹത്തെ തിരഞ്ഞെടുത്തതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ഋതുരാജ് ഗെയ്‌ക്‌വാദിന്റെ കാര്യത്തിൽ ഈ സിലക്ടർമാർ എന്താണ് കാട്ടിക്കൂട്ടുന്നത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം നൽകാത്തത്? എന്താണ് സിലക്ടർമാരുടെ പദ്ധതി? അവർക്ക് ഇഷ്ടമുള്ളതു ചെയ്യട്ടെ എന്നേ നമുക്കു പറയാനാകൂ.’ – ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

English Summary:

Srikkanth fumes at BCCI's stance on Ruturaj Gaikwad after T20I, Test snub despite leading India A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com