ADVERTISEMENT

ചറ്റോഗ്രാം∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിന് ഇന്നിങ്സ് തോല്‍വി. ഒന്നാം ഇന്നിങ്സിൽ 45.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ, ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഫോളോഓൺ ചെയ്യിപ്പിച്ചു. ‌രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ബംഗ്ലദേശ് 143 റൺസെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിജയം ഇന്നിങ്സിനും 273 റൺസിനും.

30 പന്തിൽ 38 റൺസെടുത്ത് പുറത്താകാതെനിന്ന ഹസൻ മഹ്മൂദാണ് ഫോളോ ഓണിൽ‌ ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ (55 പന്തിൽ 36), മഹിദുൽ ഇസ്‍ലാം അങ്കോൻ (64 പന്തിൽ 29), മഹ്മൂദുൽ ഹസൻ ജോയ് (31 പന്തിൽ 11) എന്നിവരും രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടന്നു. സ്പിന്നര്‍ കേശവ് മഹാരാജ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. നാലു വിക്കറ്റുകൾ വീഴ്ത്തിയ സെനുരൻ മുത്തുസാമിയും തിളങ്ങി.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഒൻപതാം വിക്കറ്റിൽ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടുമായി മോമിനുൽ ഹഖ് – തയ്ജുൽ ഇസ്‍ലാം സഖ്യം കരുത്തുകാട്ടിയെങ്കിലും ബംഗ്ലദേശ് 45.2 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലദേശിനെ, ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഇരുവരും 103 റൺസാണ് കൂട്ടിച്ചേർത്തത്.

112 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 82 റൺസെടുത്ത മോമിനുൽ ഹഖാണ് ടോപ് സ്കോറർ. തയ്ജുൽ ഇസ്‍ലാം 95 പന്തിൽ ഒരു ഫോർ സഹിതം 30 റൺസെടുത്തു. ഇവർക്കു പുറമേ ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് ഒരേയൊരാൾ മാത്രം. 21 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത ഓപ്പണർ മഹ്മൂദ് ഹസൻ ജോയ്. ഷാദ്മൻ ഇസ്‍ലാം (0), സാക്കിർ ഹസൻ (എട്ടു പന്തിൽ രണ്ട്), ഹസൻ മഹ്മൂദ് (ഏഴു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ഷാന്റോ (17 പന്തിൽ ഒൻപത്), മുഷ്ഫിഖുർ റഹിം (0), മെഹ്ദി ഹസൻ മിറാസ് (മൂന്നു പന്തിൽ ഒന്ന്), മഹിദുൽ ഇസ്‌ലാം ആങ്കൺ (0) എന്നിവർ നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി പേസ് ബോളർ കഗീസോ റബാദ ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ഒന്നാമനായതിനു തൊട്ടുപിന്നാലെയാണ് റബാദയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഡെയ്ൻ പാറ്റേഴ്സൻ, കേശവ് മഹാരാജ് എന്നിവർ രണ്ടും സെനുരൻ മുത്തുസാമി ഒരു വിക്കറ്റും വീഴ്ത്തി.

മൂന്നു താരങ്ങൾ ടെസ്റ്റിലെ കന്നി സെഞ്ചറി കുറിച്ച ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 144.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 575 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഓപ്പണർ ടോണി ഡിസോർസി (269 പന്തിൽ 177), ട്രിസ്റ്റൻ സ്റ്റബ്സ് (198 പന്തിൽ 106), വിയാൻ മുൾഡർ (150 പന്തിൽ 105*) എന്നിവരാണ് ഒറ്റ ഇന്നിങ്സിൽ ടെസ്റ്റിലെ കന്നി സെഞ്ചറി കുറിച്ചത്. ബെഡിങ്ങാം (59), സെനുരൻ മുത്തുസാമി (68*) എന്നിവർ അർധസെഞ്ചറിയും നേടി. ബംഗ്ലദേശിനായി തയ്ജുൽ ഇസ്‍ലാം 52.2 ഓവറിൽ 198 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

English Summary:

Bangladesh vs South Africa, 2nd Test, Day 3 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com