സമനില അത്ര മോശമല്ല, ഇന്ത്യ അതു മറന്നു, ഫലം ചരിത്രത്തിലെ വലിയ തോൽവി; ബാസ്ബോളിനു പിന്നാലെ എല്ലാവരും പോകേണ്ട
Mail This Article
ടെസ്റ്റ് ക്രിക്കറ്റ് ശാസ്ത്രീയ സംഗീതമാണെങ്കിൽ ഏകദിന ക്രിക്കറ്റ് സിനിമാ ഗാനവും ട്വന്റി20 ക്രിക്കറ്റ് റോക്ക് മ്യൂസിക്കുമാണ്. മൂന്നിന്റെയും ആസ്വാദകർ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റുകളും എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല. അതിനു ടീമുകൾ വാശിപിടിക്കേണ്ട കാര്യവുമില്ല. നല്ല ടീം എന്നതിൽ ഉപരി നന്നായി കളിക്കുന്ന ടീമാണ് ന്യൂസീലൻഡ്. അതുകൊണ്ടാണ് മിച്ചൽ സാന്റ്നർ, കെയ്ൻ വില്യംസൻ തുടങ്ങിയ മുൻനിര താരങ്ങൾ ഇല്ലാതിരുന്നിട്ടും മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരാൻ അവർക്ക് സാധിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ജയിക്കുന്നതുപോലെ തന്നെ പ്രധാനമാണ് തോൽക്കാതിരിക്കുന്നതും. സമനില മോശപ്പെട്ട കാര്യമല്ല. അതു മനസ്സിലാക്കാതെ പോയതിനാലാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്ന് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മികച്ച സമനിലകളുടെ പേരിൽ ഓർമിക്കപ്പെടുന്ന ഒട്ടേറെ മത്സരങ്ങളുണ്ട്. കളിയുടെ ക്വാളിറ്റിയാണ് ഇവിടെ പ്രധാനം. ഇംഗ്ലണ്ട് ടീം ടെസ്റ്റ് ക്രിക്കറ്റിൽ ബാസ്ബോൾ എന്നൊരു കളി ശൈലി പരീക്ഷിച്ചു എന്നുവച്ച് മറ്റു ടീമുകൾ അതിനു പിറകേ പോകേണ്ട കാര്യമല്ല.
ക്ലാസിക്കൽ ടെസ്റ്റ് മത്സരങ്ങൾ കാണാനുള്ള ആരാധകർ ഇപ്പോഴും ക്രിക്കറ്റ് ലോകത്തുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പൊരുതി നേടുന്ന സമനിലകളും ആഘോഷിക്കപ്പെടാറുണ്ടെന്നത് ഓർക്കണം. ഒരു ദിവസം 400 റൺസ് സ്കോർ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്ത്യൻ ടീം പരിശീലകൻ പറഞ്ഞത്. എന്നാൽ രണ്ട് ഇന്നിങ്സിലുമായി 400 റൺസ് എടുക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല.
ഇന്ത്യൻ പിച്ചുകളിൽ സ്പിൻ ട്രാക്ക് തുടരണോ വേണ്ടയോ എന്ന ചോദ്യം ഒരിക്കൽകൂടി പ്രസക്തമാകുകയാണ്. ഇന്ത്യൻ സ്പിന്നർമാരുടെ നിലവാരം പതിയെ താഴ്ന്നു വരുന്നു. മറുവശത്ത് ഇന്ത്യൻ ബാറ്റർ സ്പിന്നിനെ നേരിടുന്നതിൽ നിരന്തരം പരാജയപ്പെടുന്നു. വിദേശ ബാറ്റർമാരാവട്ടെ, സ്പിന്നർമാരെ നേരിടുന്നതിൽ സ്പെഷലിസ്റ്റുകൾ ആയിക്കഴിഞ്ഞു.