ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തി രഞ്ജി കളിച്ച് സച്ചിൻ, ഗാംഗുലി; ഇങ്ങനെയും ചില സീനിയേഴ്സ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു!
Mail This Article
എവിടെയാണ് പിഴച്ചത്? ന്യൂസീലൻഡിനെതിരായ മൂന്നു മത്സര ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റും താരങ്ങളും ആരാധകരും ഒരുപോലെ ഉന്നയിക്കുന്ന ചോദ്യം. ടീം സിലക്‌ഷനിലെ പോരായ്മ, സീനിയർ താരങ്ങളുടെ ദയനീയ പ്രകടനം, ബാറ്റർമാരുടെ വീഴ്ച തുടങ്ങി ഒട്ടേറെ ഉത്തരങ്ങൾ ഈ ചോദ്യത്തിനു മറുപടിയായി ഉയർന്നു കഴിഞ്ഞു.
ഇതിൽ പ്രധാനമാണ് ആഭ്യന്തര ടൂർണമെന്റുകൾ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്കുള്ള വിമുഖത. ദേശീയ ടീമംഗങ്ങൾ ഫോം വീണ്ടെടുക്കാനും നിർണായക പരമ്പരകൾക്ക് ഒരുങ്ങാനുമായി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നത് പതിവാണെങ്കിലും ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ പലരും വർഷങ്ങളായി ഇതിനോട് മുഖംതിരിക്കുകയാണ്.
∙ ആഭ്യന്തരം ഔട്ട്
ടീമിലെ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയുമാണ് ആഭ്യന്തര ക്രിക്കറ്റിനോട് നോ പറഞ്ഞവരിൽ പ്രമുഖർ. 2012ലാണ് കോലി അവസാനമായി ഒരു രഞ്ജി ട്രോഫി മത്സരം കളിച്ചത്. അതിനു ശേഷം ദേശീയ ടീമിൽ സ്ഥിരാംഗമായതോടെ ആഭ്യന്തര ക്രിക്കറ്റിനോട് കോലി ഗുഡ് ബൈ പറഞ്ഞു. രോഹിത് ശർമ 2015നു ശേഷം ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.
കഴിഞ്ഞ 5 വർഷത്തിനിടെ 36 ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. ഇതിൽ 33.44 ശരാശരിയിൽ 1973 റൺസാണ് കോലിയുടെ ആകെ നേട്ടം. കരിയറിന്റെ തുടക്കം മുതൽ 50നു മുകളിൽ ബാറ്റിങ് ശരാശരി നിലനിർത്തിയ കോലിയുടെ ഏറ്റവും മോശം കാലഘട്ടമായിരുന്നു ഇക്കഴിഞ്ഞ 5 വർഷങ്ങൾ. ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങി ഫോം വീണ്ടെടുക്കാൻ മുൻ താരങ്ങൾ ഉൾപ്പെടെ ഉപദേശിച്ചിട്ടും കോലി വഴങ്ങിയില്ല.
സമാന സാഹചര്യമാണ് രോഹിത്തിനും. ഇക്കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരയിൽ 15.16 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ 4 വർഷത്തിനിടെ ടെസ്റ്റിൽ 50നു മുകളിൽ ശരാശരി കണ്ടെത്താൻ രോഹിത്തിനു സാധിച്ചിട്ടില്ല. അവസാന 10 ഇന്നിങ്സിൽ ഇരുവരും ചേർന്നു നേടിയതാവട്ടെ 325 റൺസ് മാത്രം.
∙ മാതൃകയായി സച്ചിനും ഗാംഗുലിയും
വർഷം 2007. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര കഴിഞ്ഞ് ടീം ഇന്ത്യ നാട്ടിൽ തിരിച്ചെത്തിയ സമയം. ദിവസങ്ങൾക്കുള്ളിൽ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര തുടങ്ങാനിരിക്കുന്നു. ഇതിനിടെ ലഭിച്ച 4 ദിവസത്തെ അവധി വെറുതേ കളയാൻ ഇന്ത്യൻ ടീമിലെ പ്രധാനികളായ സച്ചിൻ തെൻഡുൽക്കർക്കും സൗരവ് ഗാംഗുലിക്കും തോന്നിയില്ല.
തൊട്ടടുത്ത ദിവസം മുംബൈയും ബംഗാളും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ പങ്കെടുക്കാൻ ഇരുവരും തീരുമാനിച്ചു. ഫൈനലിൽ സച്ചിൻ സെഞ്ചറിയും ഗാംഗുലി 90 റൺസും നേടി. തൊട്ടടുത്ത ദിവസം തന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനൊപ്പം ഇരുവരും ചേർന്നു. ഇങ്ങനെയും ചില സീനിയേഴ്സ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു !