ADVERTISEMENT

മെൽബൺ∙ കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യൂ ഈശ്വരൻ, സായ് സുദർശൻ തുടങ്ങി പ്രതീക്ഷ വച്ചവരുടെ ബാറ്റുകളെല്ലാം ഓസ്ട്രേലിയൻ മണ്ണിൽ നിശബ്ദമായപ്പോൾ, ഇന്ത്യൻ പോരാട്ടത്തിന്റെ പതാകവാഹകനായി യുവതാരം ധ്രുവ് ജുറേൽ. അർധസെഞ്ചറിയുമായി ധ്രുവ് ജുറേൽ പടനയിച്ച ഇന്നിങ്സിനൊടുവിൽ, ഓസ്ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യ എ 161 റൺസിന് പുറത്ത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 57.1 ഓവറിലാണ് 161 റൺസിന് പുറത്തായത്. ഇന്ത്യ നേടിയ ആകെ റൺസിന്റെ പകുതിയോളം ഒറ്റയ്ക്ക് സ്വന്തമാക്കി ധ്രുവ് ജുറേൽ ഇന്ത്യയുടെ ടോപ് സ്കോററായി

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം മഴമൂലം നേരത്തെ കളിനിർത്തുമ്പോൾ 17.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. മാർക്കസ് ഹാരിസ് (42 പന്തിൽ 26), സാം കോൺസ്റ്റസ് (11 പന്തിൽ ഒന്ന്) എന്നിവർ ക്രീസിൽ. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 108 റൺസ് പിന്നിലാണ് ഓസീസ്. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നഥാൻ മക്‌സ്വീനി (30 പന്തിൽ 14), കാമറോൺ ബാൻക്രോഫ്റ്റ് (22 പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുകേഷ് കുമാർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി

186 പന്തുകൾ നേരിട്ട ജുറേൽ ആറു ഫോറും രണ്ടു സിക്സും സഹിതം 80 റൺസോടെയാണ് ടോപ് സ്കോററായത്. ഇന്ത്യൻ നിരയിൽ ജുറേലിനു പുറമേ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ദേവ്ദത്ത് പടിക്കൽ (55 പന്തിൽ മൂന്നു ഫോറുകൾ സഹിതം 26), നിതീഷ് റെഡ്ഡി (35 പന്തിൽ മൂന്നു ഫോറുകളോടെ 16), പ്രസിദ്ധ് കൃഷ്ണ (35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 16) എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ.

ഓപ്പണർമാരായ അഭിമന്യു ഈശ്വരൻ (മൂന്നു പന്തിൽ പൂജ്യം), കെ.എൽ. രാഹുൽ (നാലു പന്തിൽ ഒരു ഫോർ സഹിതം നാല്), സായ് സുദർശൻ (പൂജ്യം), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (ആറു പന്തിൽ ഒരു ഫോർ സഹിതം നാല്), തനുഷ് കൊട്ടിയൻ (നാലു പന്തിൽ പൂജ്യം), ഖലീൽ ‍അഹമ്മദ് (നാലു പന്തിൽ ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. മുകേഷ് കുമാർ 14 പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയെ, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ധ്രുവ് ജുറേൽ – ദേവ്ദത്ത് പടിക്കൽ സഖ്യമാണ് കരകയറ്റിയത്. 132 പന്തിൽ ഇരുവരും കൂട്ടിച്ചേർത്ത 53 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുൻപ് ദേവ്ദത്ത് പടിക്കൽ പുറത്തായെങ്കിലും, ആറാം വിക്കറ്റിൽ 72 പന്തിൽ 39 റൺസ് കൂട്ടിച്ചേർത്ത് ജുറേൽ – നിതീഷ് കുമാർ റെഡ്ഡി സഖ്യം ഇന്ത്യയെ 100 കടത്തി.

തനുഷ് കൊട്ടിയൻ പെട്ടെന്നു കീഴടങ്ങിയെങ്കിലും, എട്ടാം വിക്കറ്റിൽ ഖലീൽ അഹമ്മദിനൊപ്പം 20 പന്തിൽ 16 റൺസും, ഒൻപതാം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണയ്‌ക്കൊപ്പം 88 പന്തിൽ 36 റൺസും കൂട്ടിച്ചേർത്ത് ജുറേൽ ഇന്ത്യയെ 150 കടത്തി.

ഓസ്ട്രേലിയയ്ക്കായി മൈക്കൽ നെസെർ 12.2 ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി ബ്യൂ വെബ്സ്റ്റർ 9 ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. സ്കോട്ട് ബോളണ്ട്, കോറി റോക്കിസിയോളി, നഥാൻ മക്‌സ്വീനി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരത്തിൽ കളിച്ച ഇന്ത്യ എ ടീമിൽ നാല് മാറ്റങ്ങളുണ്ട്. ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ, മാനവ് സുതർ, നവ്ദീപ് സെയ്നി എന്നിവർക്കു പകരം കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, തനുഷ് കൊട്ടിയൻ, ഖലീൽ അഹമ്മദ് എന്നിവർ ടീമിലെത്തി. ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് ഏഴു വിക്കറ്റിനു തോറ്റിരുന്നു.

English Summary:

Australia A vs India A, 2nd unofficial Test, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com