ADVERTISEMENT

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ 395 റൺസിന് ഓൾഔട്ടായി. 124.1 ഓവറിലാണ് കേരളം 395 റൺസെടുത്തത്. കേരള നിരയിൽ സൽമാൻ നിസാർ സെഞ്ചറിക്ക് അരികെ പുറത്തായത് നിരാശയായി. 202 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 93 റൺസെടുത്ത സൽമാൻ, പത്താമനായാണ് പുറത്തായത്.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബിയും അർധസെഞ്ചറി നേടി. 165 പന്തുകൾ നേരിട്ട സച്ചിൻ, എട്ടു ഫോറുകളോടെ 83 റൺസെടുത്തു. നാല് അർധസെഞ്ചറി കൂട്ടുകെട്ടുകളും കേരള ഇന്നിങ്സിൽ നിർണായകമായി. അഞ്ചാം വിക്കറ്റിൽ അക്ഷയ് ചന്ദ്രൻ – സച്ചിൻ ബേബി (142 പന്തിൽ 63), ആറാം വിക്കറ്റിൽ സച്ചിൻ ബേബി – സൽമാൻ നിസാർ (187 പന്തിൽ 99), ഏഴാം വിക്കറ്റിൽ ജലജ് സക്സേന – സൽമാൻ നിസാർ (118 പന്തിൽ 59), എട്ടാം വിക്കറ്റിൽ സൽമാൻ നിസാർ – മുഹമ്മജ് അസ്ഹറുദ്ദീൻ (92 പന്തിൽ 55) എന്നിവരാണ് അർധസെഞ്ചറി കൂട്ടുകെട്ടുകൾ തീർത്തത്.

ഓപ്പണർമാരായ വത്സൽ ഗോവിന്ദ് (62 പന്തിൽ രണ്ടു ഫോറുകളോടെ 23), രോഹൻ എസ്.കുന്നുമ്മൽ (38 പന്തിൽ നാലു ഫോറുകളോടെ 28), ബാബ അപരാജിത് (44 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 32), അക്ഷയ് ചന്ദ്രൻ (70 പന്തിൽ ഒരു ഫോർ സഹിതം 24), ജലജ് സക്സേന (77 പന്തിൽ രണ്ടു ഫോറുകളോടെ 35), മുഹമ്മദ് അസ്ഹറുദ്ദീൻ (43 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40), ആദിത്യ സർവതെ (40 പന്തിൽ രണ്ടു ഫോറുകളോടെ 14) എന്നിവരെല്ലാം കേരള ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി.

ഉത്തർപ്രദേശിനായി ആക്വിബ് ഖാൻ 18.1 ഓവറിൽ 61 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം മാവി, സൗരഭ് കുമാർ, ശിവം ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ശേഷിക്കുന്ന വിക്കറ്റ് പിയൂഷ് ചൗള സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ നേതൃത്വത്തിലാണ് കേരളം ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കിയത്. 60.2 ഓവറിലാണ് ഉത്തർപ്രദേശ് 162 റൺസെടുത്തത്. പത്താമനായി ഇറങ്ങി 50 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയാണ് അവരുടെ ടോപ് സ്കോറർ. 17 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി രണ്ടും ആദിത്യ സർവതെ, കെ.എം. ആസിഫ്, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary:

Kerala vs Uttar Pradesh, Ranji Trophy 2024-25 Elite Group C Match, Day 3 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com