സഞ്ജു മറ്റുള്ളവരിൽനിന്ന് വ്യത്യസ്തൻ, 90 കടന്നാലും ടീമിനായി സിക്സും ഫോറും മതി; ഈ നേട്ടങ്ങൾക്കു പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം: സൂര്യ
Mail This Article
ഡർബൻ∙ വർഷങ്ങളോളം പിന്നണിയിൽ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കൊയ്യുന്നതെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ നേട്ടങ്ങൾക്കു പിന്നിലുള്ള ആ കഠിനാധ്വാനത്തിന്റെ നാളുകൾ ആരും കാണാതെ പോകരുത്. എക്കാലവും വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന്റെ താൽപര്യങ്ങൾക്കു മുൻഗണന നൽകുന്ന താരമാണ് സഞ്ജു. 90 കടന്നാലും സെഞ്ചറിക്കായി ശ്രമിക്കാതെ സിക്സും ഫോറും നേടാൻ ശ്രമിക്കുന്നത് ടീമിന്റെ താൽപര്യം മാത്രം മുൻനിർത്തിയാണ്. ഇതാണ് സഞ്ജുവിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്നും സൂര്യകുമാർ അഭിപ്രായപ്പെട്ടു.
‘‘വ്യക്തിപരമായി വളരെ സന്തോഷം നൽകുന്ന ഇന്നിങ്സാണ് സഞ്ജു ഇന്ന് കളിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ ഇതിനായി സഞ്ജു നടത്തുന്ന കഠിനാധ്വാനം എനിക്കറിയാം. ഇത്രയും വർഷങ്ങൾ ബോറടിപ്പിക്കുന്ന ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുന്നത് ചെറിയ കാര്യമല്ല. ഇത്രും കാലത്തെ ആ കഠിനാധ്വാനത്തിന്റെ ഫലമാണ് സഞ്ജു ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ കൊയ്യുന്നത്.
‘‘എപ്പോഴും വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന്റെ താൽപര്യങ്ങൾക്കു പരിഗണന നൽകുന്നുവെന്നതും സഞ്ജുവിന്റെ പ്രത്യേകതയാണ്. നോക്കൂ, 90കളിൽ നിൽക്കുമ്പോഴും ടീമിന്റഎ താൽപര്യം മാത്രം മുൻനിർത്തി ബൗണ്ടറികളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എങ്ങനെയും സിക്സറുകളും ഫോറുകളും നേടാനായിരുന്നു ശ്രമം. അതാണ് മറ്റുള്ളവരിൽനിന്ന് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത്’ – സൂര്യകുമാർ യാദവ് ചൂണ്ടിക്കാട്ടി.
ഡർബൻ ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഇതുവരെ അറിയില്ലെന്നായിരുന്നു സൂര്യയുടെ മറുപടി. ഇവിടെ ഇതുവരെ കളിച്ച ആറു മത്സരങ്ങളിലും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. നാലു കളികൾ ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം ടൈ ആയി. മറ്റൊരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ‘‘അങ്ങനെയൊരു കാര്യം കൂടിയുണ്ടോ? എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് അറിയുന്നത്. കഴിഞ്ഞ 3–4 പരമ്പരകളിലായി ഒരേ തരത്തിലുള്ള ശൈലിയാണ് നാം ട്വന്റി20യിൽ സ്വീകരിക്കുന്നത്. വിജയിക്കാനായതിൽ സന്തോഷം’ – സൂര്യ പറഞ്ഞു.
കൈക്കരുത്തും ക്ലാസിക്കിൽ ഷോട്ടുകളും സമംചേർത്ത സെഞ്ചറിയുമായാണ് ഓപ്പണിങ് റോളിൽ താൻ ‘വേറെ ലെവലാണെന്ന്’ സഞ്ജു സാംസൺ ഒരിക്കൽകൂടി തെളിയിച്ചത്. സഞ്ജുവിന്റെ സെഞ്ചറിച്ചിറകിലേറി ( 50 പന്തിൽ 107) റൺമല സൃഷ്ടിച്ച ടീം ഇന്ത്യയ്ക്കു മുന്നിൽ പൊരുതി നിൽക്കാൻ പോലുമാകാതെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ സർവാധിപത്യം കണ്ട ആദ്യ ട്വന്റി20യിൽ 61 റൺസിനാണ് ഇന്ത്യ ജയിച്ചത്. സെഞ്ചറിയുമായി ഇന്ത്യയെ മുന്നിൽനിന്നു നയിച്ച സഞ്ജു കളിയിലെ കേമനായി. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി 2 സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും മത്സരത്തിൽ സഞ്ജു സ്വന്തമാക്കിയിരുന്നു.