സഞ്‍ജു വന്നപോലെ മടങ്ങി, തിലക് വർമയ്ക്ക് കന്നി സെഞ്ചറി, മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം; പരമ്പരയിൽ മുന്നിൽ
Mail This Article
സെഞ്ചൂറിയൻ ∙ രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ചറി നേടാൻ തിലക് വർമയ്ക്ക് ഇതിലും മികച്ചൊരു ഗ്രൗണ്ട് ലഭിക്കാനില്ല ! 57 പന്തിൽ പുറത്താകാതെ 107 റൺസുമായി തിലക് കൊട്ടിക്കയറിയ മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 219 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ഹെയ്ൻറിച് ക്ലാസന്റെയും (22 പന്തിൽ 41) മാർക്കോ യാൻസന്റെയും (17 പന്തിൽ 54) വെടിക്കെട്ടിലൂടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. എന്നാൽ 18–ാം ഓവറിൽ ക്ലാസനെ വീഴ്ത്തി കളി തിരിച്ച അർഷ്ദീപ് സിങ് അവസാന ഓവറിലെ മൂന്നാം പന്തിൽ മാർക്കോ യാൻസനെയും പുറത്താക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്തമിച്ചു. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6ന് 219. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 7ന് 208. തിലകാണ് പ്ലെയർ ഓഫ് ദ് മാച്ച്. 4 മത്സര പരമ്പരയിൽ ഇതോടെ ഇന്ത്യ 2–1ന് മുന്നിലെത്തി. അവസാന മത്സരം നാളെ ജൊഹാനസ്ബർഗിൽ.
വിറച്ചു, ജയിച്ചു
220 റൺസിന്റെ മികച്ച വിജയലക്ഷ്യമുയർത്തിയതിന്റെ ആലസ്യത്തിൽ ബോളിങ്ങിനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ആദ്യ 10 ഓവറിൽ 84 റൺസ് വഴങ്ങിയ ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയുടെ 4 മുൻനിര ബാറ്റർമാരെ ഡ്രസിങ് റൂമിൽ തിരിച്ചെത്തിച്ചു. ഇന്ത്യൻ ആരാധകർ അനായാസ ജയം പ്രതീക്ഷിച്ചപ്പോഴാണ് ക്ലാസനും യാൻസനും ചേർന്ന് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആദ്യ 3 ഓവറിൽ 31 റൺസിന് 2 വിക്കറ്റുമായി തിളങ്ങിയ വരുൺ ചക്രവർത്തിയുടെ അവസാന ഓവറിൽ 23 റൺസ് അടിച്ചുകൂട്ടിയാണ് ഹെയ്ൻറിച് ക്ലാസൻ തുടങ്ങിയത്. അതേ ഓവറിൽ ക്ലാസനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള സുവർണാവസരം സൂര്യകുമാർ യാദവ് നഷ്ടമാക്കുകയും ചെയ്തു.
ജയസാധ്യതകൾ മാറിമറിഞ്ഞ അവസാന നിമിഷം 4 ഓവറിൽ 77 റൺസായിരുന്നു ദക്ഷിണാഫ്രിക്കൻ ലക്ഷ്യം. രവി ബിഷ്ണോയിക്കെതിരെ 18 റൺസ് നേടിയതോടെ ലക്ഷ്യം 3 ഓവറിൽ 59 റൺസായി. 18–ാം ഓവറിൽ ക്ലാസനെ പുറത്താക്കിയ അർഷ്ദീപ് ഓവറിൽ വിട്ടുനൽകിയത് 8 റൺസ് മാത്രം. 19–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ 26 റൺസ് അടിച്ചുകൂട്ടിയ മാർക്കോ യാൻസൻ ദക്ഷിണാഫ്രിക്കൻ ക്യാംപിൽ വീണ്ടും പ്രതീക്ഷ പകർന്നു. എന്നാൽ ജയിക്കാൻ 25 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയ അർഷ്‍ദീപ് ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷകളെ പിടിച്ചുകെട്ടി.
തിലകാഭിഷേകം
കരിയറിലെ 19–ാം ട്വന്റി20 മത്സരത്തിൽ കന്നി രാജ്യാന്തര സെഞ്ചറി നേടിയ ഇരുപത്തിരണ്ടുകാരൻ തിലകിന്റെ ഉജ്വല സെഞ്ചറിയാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ സഞ്‍ജു സാംസനെ (0) നഷ്ടമായ ഇന്ത്യ അഭിഷേക് ശർമയുടെയും (25 പന്തിൽ 50) തിലകിന്റെയും (56 പന്തിൽ 107*) മികവിൽ തിരിച്ചെത്തി. യഥേഷ്ടം ബൗണ്ടറികൾ നേടിയ ഇരുവരും ചേർന്ന് 9–ാം ഓവറിന്റെ തുടക്കത്തിൽ തന്നെ ടീം സ്കോർ 100 കടത്തി. രണ്ടാം വിക്കറ്റിൽ 52 പന്തിൽ 107 റൺസാണ് ഇരുവരും ചേർന്നു നേടിയത്.
ഒൻപതാം ഓവറിൽ അഭിഷേകിനെയും പിന്നാലെ സൂര്യകുമാറിനെയും (4 പന്തിൽ 1) നഷ്ടമായെങ്കിലും ഒരുവശത്ത് ഉറച്ചുനിന്ന തിലക് റൺറേറ്റ് താഴെപ്പോകാതെ നോക്കി. 8 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ കത്തിക്കയറിയ രമൺദീപ് സിങ്ങാണ് (6 പന്തിൽ 15) തിലകിനൊപ്പം ചേർന്ന് ഇന്ത്യൻ ടോട്ടൽ 200 കടത്തിയത്.