ADVERTISEMENT

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്താതിരുന്നതോടെ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാലേലത്തിനുള്ള തയാറെടുപ്പിലാണു കെ.എൽ. രാഹുൽ. ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾ രാഹുലിനായി ശ്രമം നടത്തുമെന്നാണു വിവരം. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ആവശ്യമെന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വാക്കുകൾ കെ.എൽ. രാഹുലിനെ ഉന്നംവച്ചുള്ളതാണെന്നു നേരത്തേ വിമര്‍ശനമുയർ‌ന്നിരുന്നു.

എന്തുകൊണ്ട് ലക്നൗ ഫ്രാഞ്ചൈസി വിട്ടുവെന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണു രാഹുലിപ്പോള്‍. പുതിയൊരു തുടക്കത്തിനു വേണ്ടിയാണു പുതിയൊരു ഫ്രാഞ്ചൈസിയെ തേടുന്നതെന്നാണ് രാഹുലിന്റെ പ്രതികരണം. ‘‘നിലനിർത്തുന്ന കാര്യത്തിലെ തീരുമാനങ്ങളെല്ലാം ലക്നൗ നേരത്തേ എടുത്തിട്ടുള്ളതാണ്. ഇത്തരം പ്രതികരണങ്ങളൊക്കെ നിലനിർത്തുന്ന താരങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ച ശേഷമായിരിക്കണം പുറത്തുവന്നിട്ടുണ്ടാകുക. എന്നാൽ അതിനെക്കുറിച്ചൊന്നും എനിക്കു യാതൊരു അറിവുമില്ല.’’– രാഹുൽ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് എനിക്കു തോന്നി. കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുന്ന ഇടമാണു ഞാൻ ആഗ്രഹിക്കുന്നത്. നല്ല അന്തരീക്ഷമുള്ളതും സന്തുലിതവുമായ ഒരു ടീമില്‍ കളിക്കാൻ താൽപര്യമുണ്ട്. ഗുജറാത്ത് ടൈറ്റൻസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റേയും കളികൾ നോക്കിയാൽ മനസ്സിലാകും. ജയിച്ചാലും തോറ്റാലും ആ ടീമുകൾ സന്തുലിതമാണ്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയ്ക്ക് എനിക്ക് അതു വളരെ പ്രധാനപ്പെട്ടതാണ്.’’

‘‘ആൻഡി ഫ്ലവർ, ഗൗതം ഗംഭീർ, ജസ്റ്റിൻ ലാംഗർ എന്നിവർക്കൊപ്പം ചേർന്ന് ലക്നൗ സൂപ്പർ ജയന്റ്സിലും അതു നടപ്പാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ലക്നൗവിലും ‍ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. പക്ഷേ മികച്ചത് എനിക്കു വേണ്ടി തിരഞ്ഞെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.’’– രാഹുല്‍ വ്യക്തമാക്കി.

2022ലെ മെഗാതാരലേലത്തിലാണ് രാഹുൽ ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയത്. ടീം ക്യാപ്റ്റൻ സ്ഥാനം ലഭിച്ച രാഹുൽ തുടർച്ചയായി രണ്ടു സീസണുകളിൽ ലക്നൗവിനെ പ്ലേ ഓഫിലെത്തിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം മോശമായതോടെയാണ് രാഹുലിനെ നിലനിർത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചത്. നിക്കോളാസ് പുരാൻ, മയങ്ക് അഗർവാൾ, രവി ബിഷ്ണോയി, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയാണ് ലക്നൗ അടുത്ത സീസണിലേക്കു നിലനിർത്തിയിട്ടുള്ളത്.

English Summary:

KL Rahul's sharp response to Sanjiv Goenka's jibe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com