ADVERTISEMENT

സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങാൻ തിലക് വർമ സ്വയം തീരുമാനിക്കുകയായിരുന്നെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. മൂന്നാം മത്സരത്തിൽ ഇന്ത്യ 11 റൺസിനു വിജയിച്ചതിനു പിന്നാലെയാണു സൂര്യകുമാർ യാദവിന്റെ പ്രതികരണം. സാധാരണയായി വൺഡൗണായി ഇറങ്ങാറുള്ള സൂര്യകുമാർ യാദവ്, തിലക് വർമയ്ക്കായി തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. വണ്‍ഡൗണായി ഇറങ്ങി ട്വന്റി20യിലെ കന്നി സെഞ്ചറി നേടി തിലക് വർമ ക്യാപ്റ്റന്റെ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു.

നിർണായക വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ‘‘ഇന്ത്യയുടെ പ്രകടനത്തിൽ സന്തോഷമുണ്ട്. ഇങ്ങനെയാണു ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത്. ഭയമില്ലാതെ കളിക്കാനാണ് ടീം അംഗങ്ങളോട് മീറ്റിങ്ങുകളിൽ ആവശ്യപ്പെടാറുള്ളത്. നെറ്റ്സിലും ഫ്രാഞ്ചൈസികൾക്കു വേണ്ടിയും കളിക്കുമ്പോൾ അവർ അതു തുടരുന്നു. ചില ഇന്നിങ്സുകളിൽ തിളങ്ങാനായില്ലെങ്കിലും അവർ തിരിച്ചെത്തും. മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിക്കോട്ടെ എന്ന് തിലക് വർമ എന്നോടു ചോദിക്കുകയായിരുന്നു.’’– സൂര്യകുമാർ യാദവ് പറഞ്ഞു.

‘‘പരമാവധി ആസ്വദിച്ചു കളിക്കാനാണു ഞാൻ തിലക് വർമയോടു പറഞ്ഞത്. അദ്ദേഹത്തിനു തിളങ്ങാൻ സാധിക്കുമെന്ന് എനിക്ക് അറിയാം, ഈ പ്രകടനത്തിൽ സന്തോഷമുണ്ട്. തുടർന്നും തിലക് വർമ മൂന്നാം നമ്പരിൽ ബാറ്റു ചെയ്യുമെന്നു പ്രതീക്ഷിക്കാം.’’– സൂര്യകുമാർ യാദവ് പ്രതികരിച്ചു. മൂന്നാം ട്വന്റി20യിൽ 56 പന്തുകൾ നേരിട്ട തിലക് വര്‍മ 107 റണ്‍സെടുത്തു പുറത്താകാതെനിന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴിന് 208 റൺസെടുക്കാൻ മാത്രമാണു ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചത്.

English Summary:

Suryakumar Yadav Reveals 'Sacrifice' For Tilak Varma That Worked Wonders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com