‘അടച്ചിട്ട സ്റ്റേഡിയ’ത്തിലെ പരിശീലന മത്സരം; കോലിയെ (15) പുറത്താക്കി മുകേഷ്, പന്തിനെ (19) ബൗൾഡാക്കി നിതീഷ്!
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരങ്ങളുടെ ഫോം ‘ടെസ്റ്റ്’ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരുക്കിയ ഇന്ത്യ–ഇന്ത്യ എ പരിശീലന മത്സരത്തിൽ, സൂപ്പർതാരം വിരാട് കോലി ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതായി റിപ്പോർട്ട്. താരങ്ങൾക്ക് ഓസീസ് മണ്ണിൽ മത്സരം പരിചയം നൽകുന്നതിനായി ബിസിസിഐ ഇടപെട്ട് ഒരുക്കിയ ത്രിദിന പരിശീലന മത്സരത്തിൽ, വിരാട് കോലി താരതമ്യേന ചെറിയ സ്കോറിൽ പുറത്തായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസീസ് മണ്ണിൽ ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഋഷഭ് പന്തും പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.
പാറ്റ് കമിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഉൾപ്പെടെയുള്ള ഓസീസ് ബോളിങ് നിരയെ നേരിടുന്നതിനു മുന്നോടിയായി, ഇന്ത്യൻ താരങ്ങൾ മത്സരപരിചയം ഒരുക്കുകയാണ് ബിസിസിഐ ലക്ഷ്യം. ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ഇന്ത്യ എ ടീമിനെയാണ് പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീമിനെതിരെ അണിനിരത്തുന്നത്. പരമ്പരയിലെ രണ്ടു ടെസ്റ്റുകളും ഇന്ത്യ എ ടീം തോറ്റിരുന്നു.
മത്സരം നടക്കുന്ന വാക്ക സ്റ്റേഡിയത്തിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, സ്വതസിദ്ധമായ ശൈലിയിൽ തകർപ്പൻ കവർഡ്രൈവുകളുമായി ഇന്നിങ്സിന് തുടക്കമിട്ട കോലി, വ്യക്തിഗത സ്കോർ 15ൽ നിൽക്കെ മുകേഷ് കുമാറിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് പുറത്തായത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും, ഇന്ത്യൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ഋഷഭ് പന്തും പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി. വ്യക്തിഗത സ്കോർ 19ൽ നിൽക്കെ പന്തിനെ നിതീഷ് കുമാർ റെഡ്ഡി ക്ലീൻ ബൗൾഡാക്കി. ഓപ്പണർ യശസ്വി ജയ്സ്വാളും 15 റൺസുമായി പുറത്തായി.
മികച്ച തുടക്കമിട്ട ശുഭ്മൻ ഗില്ലും അതു മുതലാക്കാനാകാതെ ഗള്ളിയിൽ ക്യാച്ച് സമ്മാനിച്ച് 28 റൺസുമായി പുറത്തായി. വാഷിങ്ടൻ സുന്ദർ, തനുഷ് കൊട്ടിയൻ എന്നിവരും ഇന്ത്യ എയ്ക്കായി ബോൾ ചെയ്തു. 28 ഓവറിൽ അഞ്ചിന് 106 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യൻ ടീം. അതേസമയം, മത്സരത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത കെ.എൽ. രാഹുലിന് പരുക്കുമൂലം ഗ്രൗണ്ട് വിടേണ്ടി വന്നത് ആശങ്കയ്ക്ക് കാരണമായി. രാഹുലിന്റെ പരുക്കിന്റെ ഗൗരവം വ്യക്തമല്ല. ക്യാപ്റ്റൻ രോഹിത് ശർമ ഒന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിൽ നിൽക്കെയാണ് ജയ്സ്വാളിനൊപ്പം ഓപ്പൺ ചെയ്യാൻ ടീം മാനേജ്മെന്റ് രാഹുലിനെ നിയോഗിച്ചത്. പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈമുട്ടിൽ പതിച്ചാണ് രാഹുലിന് പരുക്കറ്റത്.
ഇന്ത്യൻ ടീമിലെ പ്രധാന ബാറ്റർമാർക്ക് വീണ്ടും ബാറ്റിങ്ങിന് അവസരം നൽകിയപ്പോൾ ജയ്‌സ്വാൾ അർധസെഞ്ചറിയുമായി കരുത്തുകാട്ടി. യുവ ഓപ്പണർ പുറത്താകാതെ 52 റൺസെടുത്തപ്പോൾ, ഗിൽ 42 റൺസുമായി പുറത്താകാതെ നിന്നു. കോലി രണ്ടാം അവസരത്തിൽ 30 റൺസെടുത്തപ്പോൾ, പന്തിനെ വീണ്ടും മുകേഷ് കുമാർ ക്ലീൻ ബൗൾഡാക്കി. 75 ഓവറിൽ എട്ടിന് 339 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയ്ക്ക് പരിശീലന മത്സരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ഇടപെട്ട് ഇന്ത്യ എ ടീം ഓസ്ട്രേലിയയിൽനിന്ന് മടങ്ങുന്നതിനു മുന്നോടിയായി പരിശീലന മത്സരം സജ്ജമാക്കിയത്.