പാക്ക് അധിനിവേശ കശ്മീരിൽ ചാംപ്യൻസ് ട്രോഫി പര്യടനത്തിന് പിസിബി നീക്കം; ജയ് ഷാ ഇടപെട്ടതോടെ വിലക്കി ഐസിസി
Mail This Article
ന്യൂഡൽഹി ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി പാക്ക് അധിനിവേശ കശ്മീരിലൂടെ ട്രോഫിയുമായി പര്യടനം നടത്താനുള്ള പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തീരുമാനം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്കി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിനു മുന്നോടിയായി ട്രോഫി പര്യടനം ഇന്ന് ഇസ്‌ലാമാബാദിൽ ആരംഭിക്കുമെന്നാണ് പിസിബി വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചത്. സ്കർദു, മറീ, ഹുൻസ, മുസാഫറാബാദ് എന്നിവിടങ്ങളിലും പര്യടനം നടത്തുമെന്നു വ്യക്തമാക്കിയിരുന്നു.
‘‘പാക്കിസ്ഥാൻ, തയാറായിരിക്കൂ. നവംബർ 16ന് ഇസ്‌ലാമാബാദിൽ ഐസിസി ചാംപ്യൻസ് ട്രോഫി പ്രയാണം ആരംഭിക്കുന്നു. സ്കർദു, മറീ, ഹുൻസ, മുസാഫറാബാദ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രോഫിയെത്തും. 2017ൽ ഓവലിൽ സർഫറാസ് അഹമ്മദ് ഉയർത്തിയ കിരീടം കാണുന്നതിന് ഈ മാസം 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ അവസരം. എല്ലാവർക്കും സ്വാഗതം’ – പിസിബി എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കു സമൂഹമാധ്യമങ്ങളിലൂടെ യാത്രയുടെ വിവരം പുറത്തുവിട്ടതിനു പിന്നാലെ ഇന്ത്യ വിമർശനമുയർത്തി. പാക്ക് അധിനിവേശ കശ്മീരിന്റെ ഭാഗമാണു സ്കർദു ഉൾപ്പെടെയുള്ള 4 സ്ഥലങ്ങളും.
ബിസിസിഐ സെക്രട്ടറിയും നിയുക്ത ഐസിസി പ്രസിഡന്റുമായ ജയ് ഷാ ഐസിസി നേതൃത്വത്തെ ബന്ധപ്പെട്ടു പ്രതിഷേധം അറിയിച്ചുവെന്നാണു വിവരം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനായി ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താമെന്ന ഐസിസിയുടെ ശുപാർശ പിസിബി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മത്സരക്രമം തീരുമാനിച്ചിട്ടില്ല.