രോഹിത്തിന് പകരക്കാരനില്ല, ഗില്ലിനും രാഹുലിനും പരുക്ക്; മലയാളി താരം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പരുക്കിന്റെ പിടിയിൽ കുഴങ്ങി ടീം ഇന്ത്യ. കെ.എൽ. രാഹുലിനു പിന്നാലെ ശുഭ്മന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം ആര് ഇറങ്ങുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ടെസ്റ്റിൽ കളിക്കാത്തതിനാൽ ഗിൽ– ജയ്സ്വാൾ കോംബോ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ശുഭ്മൻ ഗില്ലിന്റെ ഇടത് കൈ വിരലിനു പരുക്കേറ്റതായാണു റിപ്പോർട്ട്. ഇതോടെ പെർത്തിൽ വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ആദ്യ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി. ഈ സാഹചര്യത്തിൽ കർണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിനോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ നിർദേശിച്ചെന്നാണു സൂചനകൾ. മൂന്നു പേസർമാരെ ട്രാവലിങ് റിസർവുകളാക്കിക്കൊണ്ടാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്കു പോയത്. ഇന്ത്യ എ ടീമിന്റെ ഭാഗമായിട്ടായിരുന്നു ദേവ്ദത്ത് പടിക്കൽ ഓസ്ട്രേലിയയിലെത്തിയത്.
ഇന്ത്യ എ ടീമിനായി നാല് ഇന്നിങ്സുകളിൽ ബാറ്റു ചെയ്തപ്പോൾ 36,88,26,1 എന്നിങ്ങനെയാണു പടിക്കലിന്റെ സ്കോറുകൾ. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കർണാടക ടീമിൽ ദേവ്ദത്ത് പടിക്കലും ഇടം പിടിച്ചിരുന്നു. രോഹിത്തും ഗില്ലും ഇല്ലെങ്കിൽ ഓപ്പണിങ്ങിലേക്കു പരിഗണിക്കാവുന്ന മറ്റൊരു താരം കെ.എൽ. രാഹുലായിരുന്നു. എന്നാൽ പരിശീലന മത്സരത്തിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ടു പരുക്കേറ്റ രാഹുലിന്റെ ഫിറ്റ്നസിലും ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.