‘ആദ്യ ടെസ്റ്റ് ബുമ്രയ്ക്ക് കീഴിൽ ജയിച്ചിട്ട് രോഹിത് വരുമ്പോൾ 2–ാം ടെസ്റ്റ് തോറ്റാൽ...; മുന്നറിയിപ്പുമായി ഹർഭജൻ
Mail This Article
മുംബൈ∙ രോഹിത് ശർമയ്ക്ക് ആദ്യ ടെസ്റ്റ് കളിക്കാൻ അസൗകര്യമാണെങ്കിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ജസ്പ്രീത് ബുമ്രയെ നായകനാക്കണമെന്ന സുനിൽ ഗാവസ്കറിന്റെ നിർദ്ദേശത്തിൽ പ്രതികരണവുമായി മുൻ താരം ഹർഭജൻ സിങ്. ഒരു പരമ്പരയ്ക്ക് പൂർണമായി ഒരു ക്യാപ്റ്റനെന്ന നിർദ്ദേശം സ്വാഗതാർഹമാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബുമ്രയ്ക്കു കീഴിൽ ജയിക്കുകയും, രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കു കീഴിൽ തോൽക്കുകയും ചെയ്താലുള്ള അവസ്ഥ വെല്ലുവിളി നിറഞ്ഞതാകുമെന്നും ഹർഭജൻ മുന്നറിയിപ്പു നൽകി.
രോഹിത് ശർമ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്, ഓസ്ട്രേലിയൻ പര്യടനത്തിൽ ബുമ്രയെ എല്ലാ മത്സരങ്ങളിലും നായകനാക്കണമെന്ന് ഗാവസ്കർ നിർദ്ദേശം വച്ചത്. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് തിരിച്ചെത്തിയാലും നായകസ്ഥാനത്ത് ബുമ്ര തന്നെ തുടരട്ടെ എന്നായിരുന്നു ഗാവസ്കറിന്റെ നിലപാട്.
സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്ന ആരാധകർ, അടിക്കടി നിലപാടു മാറ്റുന്നവരാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ബുമ്രയ്ക്ക് കീഴിൽ ആദ്യ മത്സരം ജയിച്ചാൽ ബുമ്ര തുടരട്ടെ എന്നാകും ചർച്ചയെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്. ബുമ്രയ്ക്കും രോഹിത്തിനും കീഴിൽ ഇന്ത്യ തോറ്റാൽ വിരാട് കോലിയെ നായകസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്നതാകും ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘ആദ്യത്തെ ടെസ്റ്റ് ജയിച്ചാൽ, പിന്നെ എല്ലാവരും ബുമ്ര തന്നെ ക്യാപ്റ്റനായി തുടരണമെന്ന നിലപാടുകാരാകും. ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റാലോ, അവർക്ക് രോഹിത് എത്രയും വേഗം ടീമിനൊപ്പം ചേരണമെന്നാകും ആവശ്യം. ഇത്തരത്തിൽ നിലപാടുകളിൽ അതിവേഗം മാറ്റം വരുത്തുന്നതാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ രീതി.
‘‘സുനിൽ ഗാവസ്കറുടെ നിർദ്ദേശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. പൊതുജനാഭിപ്രായത്തെ കുറിച്ചാണ്. പരമ്പരയ്ക്കു പൂർണമായും ഒറ്റ ക്യാപ്റ്റനെന്ന അദ്ദേഹത്തിന്റെ (ഗാവസ്കറിന്റെ) നിർദ്ദേശം സ്വാഗതാർഹമാണ്. അത് നന്നാകുമെന്ന് എനിക്കും തോന്നുന്നു. ഇന്ത്യ തോറ്റാൽ അതിനെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല.
‘‘പക്ഷേ, ഇന്ത്യ ആദ്യ മത്സരത്തിൽ ബുമ്രയ്ക്ക് കീഴിൽ കളിച്ച് ജയിക്കുകയും, രോഹിത് ശർമ നായകസ്ഥാനത്തു തിരിച്ചെത്തുമ്പോൾ തോൽക്കുകയും ചെയ്താൽ സീൻ മാറുമെന്ന് ഉറപ്പാണ്. ഇനി ടീം രോഹിത്തിനും ബുമ്രയ്ക്കും കീഴിൽ തോറ്റാലോ, വിരാട് കോലിയെ നായകസ്ഥാനത്തു തിരികെ കൊണ്ടുവരണമെന്നാകും ആവശ്യം’ – ഹർഭജൻ ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ പര്യടനത്തിൽ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കട്ടെ എന്ന ഗാവസ്കറിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അത് നല്ല ആശയമാണ്’ എന്നായിരുന്നു ഹർഭജന്റെ മറുപടി. ടീമിനെ നയിക്കാൻ കഴിവുള്ള വ്യക്തിയെന്ന നിലയിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.