ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ആദ്യ ടെസ്റ്റിനില്ല; പെർത്തിൽ ഇന്ത്യയ്ക്ക് ന്യൂ ക്യാപ്റ്റൻ, ന്യൂ ഓപ്പണിങ്!
Mail This Article
പെർത്ത് ∙ രോഹിത് വരില്ലെന്ന് ഉറപ്പാകുകയും രാഹുലിന്റെ പരുക്ക് ഭേദമാവുകയും ചെയ്തതോടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ – ഗാവസ്കർ ട്രോഫി ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു പുതിയ ഓപ്പണിങ് സഖ്യം. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ തുടരുന്ന ക്യാപ്റ്റൻ രോഹിത് 22നു പെർത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിനിടെ കൈമുട്ടിനു പരുക്കേറ്റ കെ.എൽ.രാഹുൽ ഇന്നലെ പരിശീലനത്തിനിറങ്ങി.
ഇതോടെ രാഹുലും യുവതാരം യശസ്വി ജയ്സ്വാളും ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്യും. ഇതുവരെ 6 ടെസ്റ്റുകളിൽ ഒന്നിച്ചു കളിച്ചിട്ടുണ്ടെങ്കിലും ഓപ്പണിങ്ങിൽ ഇരുവരും ഒന്നിക്കുന്നത് ആദ്യമാണ്.
പേസർ ജസ്പ്രീത് ബുമ്രയാണ് ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ. രണ്ടാം തവണയാണ് ഇന്ത്യ ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ടെസ്റ്റിനിറങ്ങുന്നത് . 2022ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ കോവിഡ് ബാധിതനായപ്പോഴും ബുമ്ര ക്യാപ്റ്റനായിരുന്നു. ഡിസംബർ 6ന് അഡ്‍ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുൻപ് രോഹിത് ടീമിനൊപ്പം ചേരും. നവംബർ 30ന് ആരംഭിക്കുന്ന, പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള ഇന്ത്യയുടെ ദ്വിദിന സന്നാഹ മത്സരത്തിലും രോഹിത് കളിക്കും.
രോഹിത് പിൻമാറുകയും ശുഭ്മൻ ഗിൽ പരുക്കേറ്റു പുറത്താവുകയും ചെയ്തതോടെ ഇന്നലെ എല്ലാ കണ്ണുകളും കെ.എൽ.രാഹുലിലായിരുന്നു. വെള്ളിയാഴ്ച നടന്ന പരിശീലന മത്സരത്തിനിടെ വലതു കൈമുട്ടിനു പരുക്കേറ്റ രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിരുന്നുമില്ല. എന്നാൽ ഇന്നലത്തെ പരിശീലന സെഷനിൽ 3 മണിക്കൂറോളം നെറ്റ്സിൽ ബാറ്റു ചെയ്താണ് ഫിറ്റ്നസ് വീണ്ടെടുത്ത വിവരം രാഹുൽ ആരാധകരെ അറിയിച്ചത്.
∙ 4 ‘കരുതൽ’ താരങ്ങൾ
കർണാടകയുടെ മലയാളി താരം ദേവ്‍ദത്ത് പടിക്കൽ ഉൾപ്പെടെ എ ടീമിലെ 4 താരങ്ങളോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ നിർദേശിച്ചു. എ ടീമിലെ പേസർമാരായ മുകേഷ് കുമാർ, നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ് എന്നിവരെയും നിലനിർത്തി. സീനിയർ ടീമിലെ മറ്റു കളിക്കാർക്കു പരുക്കേറ്റാൽ കരുതലെന്ന നിലയ്ക്കാണിത്.