തിരിച്ചടികളിൽനിന്ന് ടീം ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; ഓസീസിനെ 238ന് എറിഞ്ഞിട്ടു, 295 റൺസ് വിജയത്തോടെ പരമ്പരയിൽ മുന്നിൽ
Mail This Article
പെര്‍ത്ത്∙ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്ക് തീപ്പൊരി ബോളിങ്ങും രണ്ടാം ഇന്നിങ്സിലെ പക്വതയാർന്ന ബാറ്റിങ് പ്രകടനവും കൊണ്ട് പരിഹാരം ചെയ്ത്, ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ 295 റൺസിനാണ് ഇന്ത്യ തകർത്തത്. 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 58.4 ഓവറിൽ 238 റൺസിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് ഓസീസിനെ തകർത്തത്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു. അർധസെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് (89) ഓസീസിന്റെ ടോപ് സ്കോറർ. ഇതോടെ, 4 ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ – 150 & 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ – 104 & 238.
രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റെടുത്ത് ഇന്ത്യൻ തിരിച്ചടിക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് മാൻ ഓഫ് ദ് മാച്ച്. കരിയറിൽ രണ്ടാമത്തെ മാത്രം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന ബുമ്രയ്ക്ക്, അവിസ്മരണീയമായ നേട്ടമായി ഇത്. സ്ഥിരം നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ നേടിയ ഈ വിജയം, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവി തൽക്കാലം മറക്കാനും സഹായിക്കും. പരമ്പരിലെ രണ്ടാം ടെസ്റ്റ്, ഡിസംബർ ആറു മുതൽ അഡ്‌ലെയ്ഡിൽ നടക്കും. ഈ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും തിരിച്ചെത്തും.
∙ വിജയം വൈകിപ്പിച്ച് ഹെഡ്, മാർഷ്
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, ഇന്ന് അഞ്ച് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും നാലാം വിക്കറ്റും നഷ്ടമായതാണ്. ഇതോടെ, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാൽ, ട്രാവിസ് ഹെഡ് ഇവിടെയും ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് ‘തലവേദന’യായി. അർധസെഞ്ചറിയുമായി ഹെഡ് പൊരുതിയതോടെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും വൈകി. അർധസെഞ്ചറി നേടിയ ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ. ഹെ് 101 പന്തിൽ എട്ടു ഫോറുകളോടെ 89 റൺസെടുത്തു.
ഹെഡിനു പുറമേ മിച്ചൽ മാർഷ് (67 പന്തിൽ 47), അലക്സ് ക്യാരി (58 പന്തിൽ 36), മിച്ചൽ സ്റ്റാർക്ക് (35 പന്തിൽ 12) എന്നിവരും ഇന്ത്യൻ വിജയം നാലാം ദിനം മൂന്നാം സെഷനിലേക്ക് നീട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. നേഥൻ മക്സ്വീനി (0), ഉസ്മാൻ ഖവാജ (13 പന്തിൽ നാല്), പാറ്റ് കമിൻസ് (എട്ടു പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (അഞ്ച് പന്തിൽ മൂന്ന്), നേഥൻ ലയോൺ (0) എന്നിവർ നിരാശപ്പെടുത്തി. ഹെയ്സൽവുഡ് നാലു റൺസുമായി പുറത്താകാതെ നിന്നു.
ജസ്പ്രീത് ബുമ്ര 12 ഓവറിൽ 42 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ് 14 ഓവറിൽ 51 റൺസ് വഴങ്ങിയും 3 വിക്കറ്റ് സ്വന്തമാക്കി. വാഷിങ്ടൻ സുന്ദർ 15 ഓവറിൽ 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹർഷിത് റാണ 13.4 ഓവറിൽ 69 റൺസ് വഴങ്ങിയും നിതീഷ് റെഡ്ഡി നാല് ഓവറിൽ 21 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ മിച്ചൽ മാർഷിനെ പുറത്താക്കിയ നിതീഷ് റെഡ്ഡിയുടേത്, ടെസ്റ്റ് കരിയറിലെ കന്നി വിക്കറ്റാണ്. റാണയ്ക്ക് ഒന്നാം ഇന്നിങ്സിലും വിക്കറ്റ് ലഭിച്ചിരുന്നു.
∙ കരുത്തുകാട്ടി കോലി, ജയ്സ്വാൾ
നേരത്തേ, ഇന്ത്യൻ ക്രിക്കറ്റിലെ വർത്തമാന കാലത്തിന്റെ ‘അധിപൻ’ വിരാട് കോലിയും (100)* ഭാവിയുടെ ‘അമരക്കാരൻ’ യശസ്വി ജയ്സ്വാളും (161) ചേർന്നു വെട്ടിയ വഴിയിലൂടെ പെർത്തിൽ ഇന്ത്യ ഓസീസിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ, ജയ്സ്വാളിന്റെയും കോലിയുടെയും സെഞ്ചറിക്കരുത്തിൽ 6ന് 487 റൺസ് എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. ഇതോടെയാണ് ആദ്യ ഇന്നിങ്സിൽ വഴങ്ങിയ ലീഡ് അടക്കം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 534 റൺസായത്.
രണ്ടാം ദിവസത്തെ ഫോം തേച്ചുമിനുക്കിയാണ് മൂന്നാം ദിനവും യശസ്വി ജയ്സ്വാൾ ക്രീസിലെത്തിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ബൗൺസർ അപ്പർ കട്ട് ചെയ്ത് ബൗണ്ടറി കടത്തിയ ജയ്സ്വാൾ ഓസ്ട്രേലിയയിൽ തന്റെ കന്നി സെഞ്ചറി കുറിച്ചു. സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവർക്കു ശേഷം പെർത്തിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ഇന്ത്യൻ താരമാണ് ജയ്സ്വാൾ. കരിയറിൽ 15 ടെസ്റ്റിനു ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം (1568 റൺസ്) എന്ന റെക്കോർഡും ഇന്നലെ ജയ്സ്വാൾ സ്വന്തമാക്കി.
1420 റൺസ് നേടിയ വിജയ് ഹസാരെയെയാണ് മറികടന്നത്. സഹ ഓപ്പണർ കെ.എൽ.രാഹുലിനെ (77) ഇടയ്ക്കു വച്ച് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ജയ്സ്വാൾ സ്കോർ മുന്നോട്ടുനീക്കി. ഇതിനിടെ ദേവ്ദത്ത് പടിക്കലിനെ (25) നഷ്ടമായെങ്കിലും നാലാം നമ്പറിൽ വിരാട് കോലി എത്തിയതോടെ കാര്യങ്ങൾ വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഒടുവിൽ മിച്ചൽ മാർഷിന്റെ പന്തിൽ കട്ട് ഷോട്ടിനു ശ്രമിച്ചു പുറത്താകുമ്പോൾ അർഹിച്ച ഇരട്ട സെഞ്ചറി കൈവിട്ടുപോയതിന്റെ നിരാശ ഇരുപത്തിരണ്ടുകാരനായ ഇടംകൈ ബാറ്ററുടെ മുഖത്തുണ്ടായിരുന്നു.
∙ കോലി ഈസ് ബാക്ക്
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നര വർഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരൾച്ചയ്ക്ക് അന്ത്യം കുറിച്ച്, തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം വിരാട് കോലി നേടിയ സെഞ്ചറിയായിരുന്നു മൂന്നാം ദിനത്തിലെ മറ്റൊരു ഹൈലൈറ്റ്. ആദ്യ ഇന്നിങ്സിൽ വരുത്തിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ രണ്ടാം ഇന്നിങ്സിൽ കരുതലോടെയാണ് കോലി തുടങ്ങിയത്. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകൾ ലീവ് ചെയ്തും ഫ്രണ്ട് ഫൂട്ട് ബോളിന്റെ ലൈനിൽ നിന്ന് പരമാവധി ഒഴിവാക്കിയും തുടങ്ങിയ കോലി, ക്രീസിൽ നിലയുറപ്പിച്ചതോടെ ഫ്ലിക്ക് ഷോട്ടും സ്ട്രെയ്റ്റ് ഡ്രൈവുകളുമായി റൺ കണ്ടെത്താൻ തുടങ്ങി. ഒടുവിൽ മാർനസ് ലബുഷെയ്ന്റെ പന്ത് സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി കോലി തന്റെ 30–ാം ടെസ്റ്റ് സെഞ്ചറിയിലെത്തി.
മൂന്നു ഫോർമാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റിൽ 81–ാം തവണയാണ് കോലി മൂന്നക്കം കടക്കുന്നത്. കോലി സെഞ്ചറി തികച്ചതിനു പിന്നാലെയാണ് ഇന്ത്യ 6ന് 487 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. നിതീഷ് കുമാർ റെഡ്ഡി 38 റൺസുമായി പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ 200 റൺസിനു മുകളിൽ കൂട്ടുകെട്ടുണ്ടാക്കുന്നത്. 201 റൺസാണ് രണ്ടാം ഇന്നിങ്സിൽ രാഹുലും ജയ്സ്വാളും ചേർന്നു നേടിയത്. 23 വയസ്സിനിടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ (4) 150 റൺസിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി യശസ്വി ജയ്സ്വാൾ മാറി. 8 തവണ 150നു മുകളിൽ നേടിയ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമത്. ജാവേദ് മിയാൻദാദ് (പാക്കിസ്ഥാൻ), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), സച്ചിൻ തെൻഡുൽക്കർ എന്നിവരും ജയ്സ്വാളിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.