ട്വന്റി20യിൽ 8 ഇന്നിങ്സിനിടെ സഞ്ജുവിനെ പുറത്താക്കിയത് 6 തവണ; ‘ആ കളി’ ഐപിഎലിൽ ഇനി നടക്കില്ല, ഹസരംഗ രാജസ്ഥാനിൽ!
Mail This Article
ജിദ്ദ∙ ഐപിഎൽ താരലേലത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരംഗയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. താരലേലത്തിന്റെ ഭൂരിഭാഗം സമയവും നിശബ്ദമായിരുന്ന രാജസ്ഥാൻ ക്യാംപ് ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ, ശ്രീലങ്കയിൽ നിന്നു തന്നെയുള്ള മഹീഷ് തീക്ഷണ എന്നിവർക്കു പിന്നാലെയാണ് ഹസരംഗയെ ടീമിലെത്തിച്ചത്. മുൻപ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്ന ഹസരംഗയെ 5.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
അതേസമയം, രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസണിന് ട്വന്റി20 ഫോർമാറ്റിൽ തുടർച്ചയായി കനത്ത വെല്ലുവിളി ഉയർത്തിയിട്ടുള്ള സ്പിന്നർ കൂടിയാണ് ഹസരംഗ. ഐപിഎലിലും രാജ്യാന്തര ട്വന്റി20യിലുമായി ഇതുവരെ മുഖാമുഖമെത്തിയ എട്ട് ഇന്നിങ്സുകളിൽ ആറു തവണയും സഞ്ജുവിനെ പുറത്താക്കിയ താരമാണ് ഹസരംഗ. ശ്രീലങ്കൻ താരത്തിനെതിരെ 43 പന്തുകൾ നേരിട്ടുള്ള സഞ്ജു ആകെ നേടിയത് 40 റൺസ് മാത്രം. ഇതിനു പുറമേയാണ് 6 തവണ പുറത്താക്കിയത്.
ഹസരംഗയ്‌ക്കെതിരെ സഞ്ജുവിന്റെ പ്രകടനം ഇങ്ങനെ:
ഇന്നിങ്സ് – 8
നേരിട്ട പന്തുകൾ – 43
ആകെ നേടിയ റൺസ് – 40
റണ്ണെടുക്കാത്ത പന്തുകൾ – 28
സിംഗിൾ – 8
ഡബിൾ – 1
ത്രീ – 0
ഫോർ – 3
സിക്സ് – 3
സ്ട്രൈക്ക് റേറ്റ് – 93.02
വിക്കറ്റ് – 6