ചക്രവർത്തിക്കും നരെയ്നും കൂടി 24 കോടി; ലേലത്തിനു വിട്ട വെങ്കടേഷ് അയ്യരെ കൊൽക്കത്ത തിരിച്ചെത്തിച്ചത് 23.75 കോടിക്ക്
Mail This Article
ജിദ്ദ∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയെന്നു തുറന്നുപറഞ്ഞ വെങ്കടേഷ് അയ്യർക്ക്, ഐപിഎൽ മെഗാ താരലേലത്തിൽ വൻ നേട്ടം. നിലനിർത്താതെ വിട്ടുകളഞ്ഞ വെങ്കടേഷ് അയ്യരെ, വൻ തുക കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ തിരികെ ടീമിലെത്തിച്ചു. 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത തിരികെ ടീമിലെടുത്തത്. ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഉയർന്ന മൂന്നാമത്തെ തുകയാണിത്. മുന്നിലുള്ളത് ഋഷഭ് പന്ത് (27 കോടി), ശ്രേയസ് അയ്യർ (26.75 കോടി) എന്നിവർ മാത്രം.
ഇത്തവണ നിലനിർത്തിയ ആറു താരങ്ങൾക്കുമായി ആകെ മുടക്കിയത് 57 കോടി രൂപയാണെന്നിരിക്കെയാണ്, നിലനിർത്താതെ ലേലത്തിനു വിട്ട വെങ്കടേഷ് അയ്യർക്കു മാത്രമായി കൊൽക്കത്ത അതിന്റെ പകുതിയോളം തുക മുടക്കിയത്. വെങ്കടേഷിനെ ഏതു വിധേനയും ടീമിലെത്തിക്കാൻ ശ്രമിച്ച കൊൽക്കത്തയ്ക്ക്, അതേ തീവ്രതയുള്ള വിളിയുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് ‘ചാലഞ്ച്’ സൃഷ്ടിച്ചത്.
ഇത്തവണത്തെ ഐപിഎൽ താരലേലം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വാശിയേറിയ പോരാട്ടമാണ് വെങ്കടേഷ് അയ്യർക്കായി കൊൽക്കത്തയും ബെംഗളൂരുവും നടത്തിയത്. ഇരുകൂട്ടരും വിട്ടുകൊടുക്കാതെ വിളിച്ചു മുന്നേറിയതോടെയാണ് വെങ്കടേഷ് അയ്യർക്ക് വൻ തുക ലഭിച്ചത്. ബെംഗളൂരു അയ്യർക്കായി അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും, താരത്തെ ടീമിലെത്തിച്ചേ അടങ്ങൂ എന്ന രീതിയിൽ വാശിയോടെ തുക കൂട്ടി മുന്നേറിയ കൊൽക്കത്ത, ഒടുവിൽ 23.75 കോടിക്ക് താരത്തെ ടീമിലെത്തിച്ചു.
ഇത്തവണ റിങ്കു സിങ് (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രെ റസ്സൽ (12 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിഹ് (4 കോടി) എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തിയത്.
2021 ൽ കൊൽക്കത്ത ഫൈനലിലെത്തിയപ്പോൾ മുതൽ 2024ലെ കിരീടനേട്ടത്തിൽ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്. ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്ക്കായി വിജയ റൺസ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി 14 മത്സരങ്ങൾ കളിച്ച വെങ്കടേഷ്, 46.2 ശരാശരിയിൽ 370 റൺസാണ് നേടിയത്. ഇതിൽ നാല് അർധസെഞ്ചറികളുമുണ്ട്.
∙ ഒഴിവാക്കിയപ്പോൾ അയ്യർ പറഞ്ഞത്
‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും ഒരു കുടുംബമാണ്. അത് പതിനാറോ ഇരുപത്തഞ്ചോ താരങ്ങൾ മാത്രമല്ല. ടീം മാനേജ്മെന്റ്, സ്റ്റാഫുകൾ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റിട്ടൻഷൻ ലിസ്റ്റിൽ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു. താരലേലത്തിൽ കൊൽക്കത്ത എനിക്കു വേണ്ടി ശ്രമിക്കുമോയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണു ഞാൻ ലേലത്തെ കാണുന്നത്. കൊൽക്കത്ത എന്നെ വീണ്ടും വാങ്ങിയാൽ അതാണു സന്തോഷം.’’
‘‘സത്യം പറഞ്ഞാൽ കൊൽക്കത്ത നിലനിർത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. ക്രിക്കറ്റ് അറിയാവുന്ന ആർക്കും അതു മനസ്സിലാകും. പക്ഷേ റിട്ടൻഷൻ ലിസ്റ്റിൽ ഉൾപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. കൊൽക്കത്തയാണ് എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാൻ ഈ ടീമിനായി ചെയ്തിട്ടുണ്ട്.’’–വെങ്കടേഷ് പറഞ്ഞു.