വിട്ടുകളഞ്ഞവരെല്ലാം ‘കോടിപതി’കളായി മറ്റു ടീമുകളിലേക്ക്; ആർച്ചർ, ഹസരംഗ, തീക്ഷണ ടീമിൽ: ‘ഹാപ്പിയല്ലേ’ എന്ന് ആരാധകരോട് രാജസ്ഥാൻ
Mail This Article
ജിദ്ദ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) താരലേലത്തിന്റെ ആദ്യ ദിനം ജോഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. 41 കോടി രൂപ മാത്രം കൈവശമുള്ള രാജസ്ഥാൻ, ഏറ്റവും കുറവ് പണവുമായി താരലേലത്തിന് എത്തിയ ടീമാണ്. ലേലത്തിൽ കൂടുതൽ സമയവും നിശബദമായിരുന്ന രാജസ്ഥാൻ ക്യാംപ്, ആർച്ചറിന്റെ പേര് ലേലത്തിന് വന്നപ്പോഴാണ് നിശബ്ദത വെടിഞ്ഞത്. ആർച്ചറിനെ 12.50 കോടി രൂപയ്ക്കും തീക്ഷണയെ 4.4 കോടിക്കും ഹസരംഗയെ 5.25 കോടിക്കുമാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇവരുടെ ചിത്രങ്ങൾ സഹിതം, ‘റോയൽസ് കുടുംബാംഗങ്ങൾ ഹാപ്പിയല്ലേ’ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിലൂടെ രാജസ്ഥാൻ റോയൽസ് പങ്കുവച്ചു.
ഇവർക്കു പുറമേ അൺക്യാപ്ഡ് താരങ്ങളുടെ വിഭാഗത്തിൽനിന്ന് യുവതാരങ്ങളായ ആകാശ് മധ്‌വാൾ (1.20 കോടി), കുമാർ കാർത്തികേയ (30 ലക്ഷം രൂപ) എന്നിവരെയും രാജസ്ഥാൻ ടീമിലെത്തിച്ചു. താരലേലത്തിന്റെ അവസാന ദിനമായ ഇന്ന്, 17.35 കോടി രൂപയാണ് രാജസ്ഥാൻ റോയൽസിന്റെ പഴ്സിൽ അവശേഷിക്കുന്നത്.
താരലേലത്തിനു മുന്നോടിയായി ടീമിൽ നിലനിർത്താതെ തഴഞ്ഞ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട്, ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ആവേശ് ഖാൻ തുടങ്ങിയവരെ വൻ വിലയ്ക്കാണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്. ബോൾട്ട്, ബട്‍ലർ, ചെഹൽ തുടങ്ങിയവരെ ടീമിലെത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചെങ്കിലും മറ്റു ടീമുകളുടെ ‘പണക്കൊഴുപ്പി’നു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇവരെ ഒഴിവാക്കേണ്ടി വന്നു.
നിലവിൽ രാജസ്ഥാൻ ടീമിന്റെ ഘടന ഇങ്ങനെ:
നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്സ‌്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറേൽ (14 കോടി), ഷിംറോൺ ഹെറ്റ്‌മെയർ (11 കോടി), സന്ദീപ് ശർമ (4 കോടി)
താരലേലത്തിൽ ടീമിലെത്തിച്ചവർ: ജോഫ്ര ആർച്ചർ (12.50 കോടി), മഹീഷ് തീക്ഷണ (4.4 കോടി), വാനിന്ദു ഹസരംഗ (5.25 കോടി), ആകാശ് മധ്‌വാൾ (1.20 കോടി), കുമാർ കാർത്തികേയ (30 ലക്ഷം)