ഐപിഎൽ താരലേലത്തിലെ ആ ‘സർപ്രൈസ് സ്റ്റാർ’ പെരിന്തൽമണ്ണയിലുണ്ട്; കേരളത്തിന്റെ ‘ചൈനാമാൻ’ മുംബൈ ഇന്ത്യൻസിലേക്ക്
Mail This Article
കോട്ടയം∙ സൂപ്പർതാരങ്ങളുടെ മാസ് മസാല സിനിമകളിൽ ക്ലൈമാക്സ് രംഗത്ത് ഗസ്റ്റ് റോളിൽ അപ്രതീക്ഷിത ‘എൻട്രി’ നടത്തി കയ്യടി നേടുന്ന ചില താരങ്ങളില്ലേ? അത്തരമൊരു അപ്രതീക്ഷിത ‘എൻട്രി’യിലൂടെ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും ഒറ്റ ദിവസം കൊണ്ട് ചർച്ചയായ ഒരു പേരുണ്ട്; വിഘ്നേഷ് പുത്തൂർ. രണ്ടു ദിവസമായി സൗദിയിലെ ജിദ്ദയിൽ നടന്നുവന്ന ഐപിഎൽ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമകാലിക ക്രിക്കറ്റിലെ മിന്നും താരങ്ങൾ നിറഞ്ഞുനിന്ന ലേലമേശയിലേക്ക് എത്തിയ പേര്. ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ എന്ന രജനിയുടെ മാസ് ഡയലോഗിനെ അനുസ്മരിപ്പിച്ച്, കേരളത്തിൽനിന്ന് ഐപിഎൽ താരപ്രഭയിലേക്ക് അങ്ങനെ ഒരു മലയാളി കൂടി.
താരലേലത്തിന് റജിസ്റ്റർ ചെയ്തിരുന്ന എല്ലാ താരങ്ങളുടെയും ഊഴം പൂർണമായെന്നും ഇനി ടീമുകൾക്ക് താൽപര്യമുള്ള താരങ്ങളുടെ പേരു നൽകാമെന്നും അവതാരിക പ്രഖ്യാപിക്കുമ്പോൾ, ലേലം ഏറെക്കുറെ പൂർണമായിരുന്നു. ഇത്തരത്തിൽ ടീമുകൾക്ക് രണ്ടു തവണ അവസരം നൽകിയതിനു പിന്നാലെയാണ്, ലേലം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ വിഘ്നേഷ് പുത്തൂർ എന്ന പേര് ഉയർന്നുവരുന്നത്. സന്ദീപ് വാരിയരും സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ‘അൺസോൾഡ്’ ആയി മാറിയ താരലേലത്തിൽ, വിഘ്നേഷിന് വിളി വരുമെന്ന് വിഘ്നേഷ് പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ, ഐപിഎലിന്റെ ഭാഗമാകുന്നുവെന്ന ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നം തന്റെ കയ്യകലത്തുണ്ടെന്ന സത്യം വിഘ്നേഷിന് ഇപ്പോഴും സ്വപ്നം തന്നെയാണ്.
വിഘ്നേഷ് പുത്തൂർ എന്ന പേര് ഉയർന്നയുടൻ മുംബൈ ഇന്ത്യൻസ് താൽപര്യം പ്രകടിപ്പിച്ചതോടെ, താരം മുംബൈ മലയാളിയായിരിക്കുമെന്ന ചർച്ച ചിലയിടങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ, മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെയും വീട്ടമ്മയായ കെ.പി. ബിന്ദുവിന്റെയും ഏക മകനാണ് ഈ ഇരുപത്തിമൂന്നുകാരൻ. പെരിന്തൽമണ്ണയിലെ പിടിഎം ഗവൺമെന്റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥി. ചൈനാമാൻ ബോളറായ വിഘ്നേഷ്, നല്ലൊരു ബാറ്റർ കൂടിയാണ്.
ക്രിക്കറ്റ് വിഘ്നേഷിനെ സംബന്ധിച്ച് കുടുംബപരമായ വഴിയൊന്നുമല്ല. നാട്ടിൽ ക്രിക്കറ്റ് കളിച്ചു നടക്കുന്ന കാലത്ത് പ്രദേശവാസിയായ ഷരീഫ് എന്നയാളാണ് വിഘ്നേഷിലെ ‘സ്പാർക്’ തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ ക്രിക്കറ്റ് പരിശീലകനായ വിജയന്റെ അടുത്തെത്തിക്കുന്നത്. അദ്ദേഹമായിരുന്നു ആദ്യ പരിശീലകൻ. അവിടുന്നങ്ങോട്ട് വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. ഈ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിൽ കളിക്കാൻ അവസരം ലഭിച്ചതാണ് കരിയറിലെ വഴിത്തിരിവ്.
ആലപ്പി റിപ്പിൾസിനായി പുറത്തെടുത്ത പ്രകടനം മുംബൈ ഇന്ത്യൻസിന്റെ ‘സ്കൗട്ടു’കളുടെ ശ്രദ്ധയിലെത്തി. അങ്ങനെയാണ് മുംബൈ ഇന്ത്യൻസിലേക്ക് ട്രയൽസിനായി വിളിയെത്തുന്നത്. മൂന്നു തവണയാണ് ട്രയൽസിനായി മുംബൈയിലേക്കു പോയത്. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേള ജയവർധനെ, ഐപിഎൽ സൂപ്പർതാരം കയ്റൻ പൊള്ളാർഡ്, മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്കു മുന്നിലായിരുന്ന ട്രയൽസ്. ഒരു തവണ ട്രയൽസിനു ശേഷം ‘നന്നായി ചെയ്തു’വെന്ന് സാക്ഷാൽ ഹാർദിക് പാണ്ഡ്യ നേരിട്ട് അഭിനന്ദിച്ചതിന്റെ ആഹ്ലാദം വിഘ്നേഷിന്റെ വാക്കുകളിൽ ഇപ്പോഴുമുണ്ട്.
ട്രയൽസിൽ നന്നായി ചെയ്യാനായെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വിഘ്നേഷ് പറയുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന താരലേലത്തിൽ വിവിധ ടീമുകളിലെത്തിയ 182 പേരിൽ 181–ാമനാണ് വിഘ്നേഷ്. അതിനു ശേഷം താരലേലത്തിൽ ടീമുകൾ വാങ്ങിയത് ഒരേയൊരു താരത്തെ മാത്രം. പ്രതീക്ഷ കൈവിടുന്നതിന്റെ വിളുമ്പിൽ വച്ചാണ് ഭാഗ്യദേവത വിഘ്നേഷിനെ സ്പർശിച്ചത്.
പെരിന്തൽമണ്ണയിലെ നാട്ടിൻപുറത്ത് ക്രിക്കറ്റ് കളിച്ചുനടന്ന കൗമാരക്കാരനിൽനിന്ന്, ലോകമൊന്നടങ്കം വീക്ഷിക്കുന്ന ഐപിഎൽ താരലോകത്തേക്കുള്ള യാത്ര വിഘ്നേഷിനെ സംബന്ധിച്ച് തികച്ചും ആകസ്മികമാണ്. ഇന്ത്യൻ പ്രിമിയർ ലീഗിൽ വിരാട് കോലിയേയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാൾ, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നതും അതിലേറെ ആക്സ്മികം!
∙ എന്താണ് ചൈനാമാൻ?
ചൈനാമാൻ ബോളിങ്ങിനെ വലംകയ്യൻ സ്പിന്നറുടെ ലെഗ് ബ്രേക്ക് ബോളിങ്ങിന്റെ പ്രതിബിംബം എന്നു വിളിക്കാം. പതിവുശൈലി ആക്ഷനിൽനിന്നു മാറിയുള്ള ഇടംകൈ സ്പിൻ ബോളിങ്. പന്ത് കറക്കാൻ വിരലുകൾക്കു പകരം കൈക്കുഴ ഉപയോഗിക്കുന്നതാണ് പ്രത്യേകത. പന്ത് ബാറ്റ്സ്മാന്റെ ഇടതുഭാഗത്തു പിച്ച് ചെയ്ത ശേഷം വലതുഭാഗത്തേക്ക് കറങ്ങും. പന്തിന്റെ ദിശ വലംകയ്യൻ സ്പിൻ ബോളറുടേതിനു സമാനമായിരിക്കുമെങ്കിലും ടേൺ കൂടുതൽ ഉണ്ടാകും. അൽപം കൂടി മൂർച്ചയേറിയതാകും എന്നു ചുരുക്കം.
ചൈനാമാൻ സ്പെഷലിസ്റ്റുകളായി പേരെടുത്ത താരങ്ങൾ ലോകക്രിക്കറ്റിൽ തന്നെ വളരെക്കുറവാണ്. ഇന്ത്യയിൽ കുൽദീപ് യാദവാണ് ഇത്തരത്തിൽ ഏറ്റവും പ്രശസ്തനായ താരം. ഇടതു കൈക്കുഴയിൽവച്ച് പന്ത് കറക്കാനുള്ള പ്രയാസം കാരണമാണ് പലരും ഈ രീതി പിന്തുടരാത്തതെന്നു ക്രിക്കറ്റ് വിദഗ്ധർ നിരീക്ഷിക്കുന്നു. ഈ ശൈലി അധികം പ്രചാരം നേടും മുൻപു തന്നെ അതു പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ഗാരി സോബേഴ്സാണ് പഴയകാല പടക്കുതിരകളിലെ പ്രശസ്ത ‘ചൈനാമാൻ’. സോബേഴ്സ് ഫാസ്റ്റ് മീഡിയം, ഇടംകയ്യൻ സ്പിൻ എന്നീ ശൈലികളിലും വിക്കറ്റുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസ്, ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഗ്, സൈമൺ കാറ്റിച്ച്, മൈക്കൽ ബെവൻ തുടങ്ങിയവരും ചൈനാമാൻ ആക്‌ഷൻ കൊണ്ടു ശ്രദ്ധ നേടിയവരാണ്.