രാജസ്ഥാൻ വാങ്ങിയ ആ ഓൾറൗണ്ടർ നിസാരക്കാരനല്ല; താരം പന്തുകൊണ്ടും ബാറ്റുകൊണ്ടും പടനയിച്ചു, അരുണാചൽ 32ന് പുറത്ത്!
Mail This Article
മുംബൈ∙ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ താരലേലത്തിലെ ‘പ്രകടന’വുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മിന്നുന്ന പ്രകടനവുമായി ടീം ലേലത്തിലെടുത്ത യുവതാരം. ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ 35 ലക്ഷം രൂപ മുടക്കി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ജമ്മു കശ്മീർ യുധ്‌വീർ സിങ്ങാണ്, തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ശ്രദ്ധ കവർന്നത്.
ഫലമോ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറെന്ന നാണക്കേടുമായി അരുണാചൽ പ്രദേശ് 32 റൺസിന് ഓൾഔട്ടായി! മറുപടി ബാറ്റിങ്ങിൽ ഓപ്പണറായെത്തി യുധ്‌വീർ തകർത്തടിക്കുക കൂടി ചെയ്തതോടെ, ജമ്മു കശ്മീർ വെറും 3 ഓവറിൽ വിജയത്തിലെത്തി! 9.1 ഓവറിൽ 32 റൺസിനു പുറത്തായ അരുണാചലിനേക്കാൾ മോശം പ്രകടനം നടത്തിയിട്ടുള്ള ഒരേയൊരു ടീമേ ഇന്ത്യൻ ചരിത്രത്തിലുള്ളൂ. 2009 ഒക്ടോബറിൽ ജാർഖണ്ഡിനെതിരെ 11.1 ഓവറിൽ 30 റൺസിനു പുറത്തായ ത്രിപുര.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അരുണാചൽ വെറും 9.1 ഓവറിൽ 32 റൺസിന് ഓൾഔട്ടായപ്പോൾ, പന്തുകൊണ്ട് ജമ്മു കശ്മീരിന്റെ ഹീറോയായത് യുധ്‌വീർ സിങ്. മൂന്ന് ഓവർ ബോൾ ചെയ്ത താരം 14 റൺസ് വഴങ്ങി വീഴ്ത്തിയത് രണ്ടു വിക്കറ്റ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി കളത്തിലെത്തിയ താരം, 11 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസും നേടി ടീമിനെ വിജയത്തിലെത്തിച്ചു.
മുംബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിലാണ് ജമ്മു കശ്മീരും അരുണാചൽ പ്രദേശും തമ്മിലുള്ള മത്സരം നടന്നത്. ടോസ് നേടിയ അരുണാചൽ പ്രദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ഒരു താരം പോലും രണ്ടക്കം കടക്കാതിരുന്ന അരുണാചൽ ഇന്നിങ്സിൽ അഞ്ച് റൺസ് വീതം നേടിയ മൂന്നു താരങ്ങൾ സംയുക്ത ടോപ് സ്കോറർമാരായി. മൂന്നു പേർ പൂജ്യത്തിന് പുറത്തായി.
യുധ്‌വീറിനു പുറമേ 1.1 ഓവറിൽ രണ്ടു റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആബിദ് മുഷ്താഖ്, മൂന്ന് ഓവറിൽ 9 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത അക്വിബ് നബി, രണ്ട് ഓവറിൽ ആറു റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാസിഖ് സലാം എന്നിവർ ചേർന്നാണ് അരുണാചലിനെ 32 റൺസിൽ ഒതുക്കിയത്.
മറുപടി ബാറ്റിങ്ങിൽ 3 ഓവറിലാണ് ജമ്മു കശ്മീർ വിജയത്തിലെത്തിയത്. യുധ്‌വീറിനു (11 പന്തിൽ 21) പുറമേ, ഏഴു പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത കമ്രാൻ ഇഖ്ബാലും ചേർന്നാണ് ടീമിനെ അതിവേഗം വിജയത്തിലെത്തിച്ചത്.