ബംഗ്ലദേശ് താരങ്ങളെ ആർക്കും വേണ്ട; കഴിവുള്ളവരാണ് ഐപിഎൽ കളിക്കുന്നതെന്ന് ബിസിബി ഡയറക്ടർ
Mail This Article
ധാക്ക∙ ഐപിഎൽ മെഗാലേലത്തിൽ ബംഗ്ലദേശ് താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്തതിൽ പ്രതികരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നസ്മുൽ ആബെദിന്‍ ഫഹിം. താര ലേലത്തിൽ പങ്കെടുത്തെങ്കിലും പേസർ മുസ്തഫിസുർ റഹ്മാനുൾപ്പടെയുള്ള താരങ്ങളെയൊന്നും ഒരു ഫ്രാഞ്ചൈസിക്കും ആവശ്യമുണ്ടായിരുന്നില്ല. ബംഗ്ലദേശ് താരങ്ങളെ കളിപ്പിക്കണമെന്ന് ടീമുകളോടു പറയാൻ സാധിക്കില്ലെന്ന് നസ്മുൽ ആബെദിന്‍ ഫഹിം ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. കഴിവും പ്രകടനവും നോക്കിയാണ് ഐപിഎൽ ടീമുകൾ താരങ്ങളെ എടുക്കുന്നതെന്നും ബംഗ്ലദേശ് ബോർഡ് ഡയറക്ടർ വ്യക്തമാക്കി.
‘‘വ്യക്തിപരമായി എനിക്ക് സങ്കടമുണ്ട്. പക്ഷേ ബംഗ്ലദേശ് താരങ്ങളുടേതു ശരാശരി പ്രകടനം മാത്രമാണ്. വലിയ വേദികളിൽ ഒരു അവസരം വേണമെങ്കിൽ നമുക്ക് അതിനുള്ള അർഹത കൂടി വേണം. അവസരം ലഭിക്കാത്തത് അർഹതയില്ലാത്തതുകൊണ്ടാണ്. കഴിവുണ്ടെങ്കിൽ ബംഗ്ലദേശ് താരങ്ങൾക്കും ഐപിഎല്ലിൽ അവസരം കിട്ടുമായിരുന്നു.’’
‘‘നമുക്ക് കഴിഞ്ഞ ഐപിഎല്ലിൽ അവസരമുണ്ടായിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്താനായില്ല. അവസരങ്ങൾ ഉപയോഗിച്ചാൽ മാത്രമാണ് പിന്നെയും കളിക്കാൻ സാധിക്കുക. അഫ്ഗാനിസ്ഥാനിലെ താരങ്ങൾ കൂടുതലായി ഐപിഎല്ലിൽ വരുന്നുണ്ട്. എന്നാൽ ബംഗ്ലദേശ് നേരെ എതിർ ദിശയിലേക്കാണു പോകുന്നത്.’’– നസ്മുൽ ആബെദിന്‍ ഫഹിം പറഞ്ഞു.
ബംഗ്ലദേശ് താരങ്ങളെ ഐപിഎല്ലിൽ എടുക്കാത്തതിനു പിന്നിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള പ്രശ്നങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ തന്നെ പ്രതികരണവുമായെത്തിയത്.
കഴിഞ്ഞ ഐപിഎല്ലിൽ പേസർ മുസ്തഫിസുർ റഹ്മാന് മാത്രമാണ് അവസരം ലഭിച്ചത്. ചെന്നൈ സൂപ്പർ കിങ്സിനായി താരം ഒൻപതു മത്സരങ്ങൾ കളിക്കുകയും ചെയ്തു. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ ഇത്തവണ ആരും വാങ്ങിയില്ല. ബംഗ്ലദേശ് ബോളർ റിഷാദ് ഹുസെയ്ൻ ലേലത്തിൽ വന്നെങ്കിലും ടീമുകളൊന്നും ബിഡ് ചെയ്തിരുന്നില്ല. ബംഗ്ലദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ ഷോർട്ട് ലിസ്റ്റ് ചെയ്ത പട്ടികയിൽ പോലും ഇടം കണ്ടെത്തിയില്ല.