സച്ചിന്റെ കൈകൾ മുറുകെപ്പിടിച്ച് വിനോദ് കാംബ്ലി, സംഘാടകർ ആവശ്യപ്പെട്ടിട്ടും വിട്ടില്ല– വിഡിയോ
Mail This Article
മുംബൈ∙ പ്രിയ സുഹൃത്ത് വിനോദ് കാംബ്ലിയുമായി സംസാരിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇരുവരുടേയും ആദ്യകാല ക്രിക്കറ്റ് പരിശീലകനായിരുന്ന രമാകാന്ത് അച്‍രേക്കറുടെ സ്മരണയ്ക്കായി ശിഷ്യൻമാർ സംഘടിപ്പിച്ച പരിപാടിയാണ് സച്ചിനും വിനോദ് കാംബ്ലിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വേദിയായത്.
പൊതുവേദിയിൽവച്ച് കാംബ്ലിയെ കണ്ട സച്ചിൻ അടുത്തെത്തി സംസാരിച്ചു. വിനോദ് കാംബ്ലി സച്ചിന്റെ കൈകൾ മുറുക്കെപ്പിടിച്ചാണ് സംസാരിച്ചത്. വൈകാരികമായി പ്രതികരിച്ച കാംബ്ലി സച്ചിന്റെ കൈകൾ ഏറെ നേരം പിടിക്കുന്നതായി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സച്ചിൻ പോകാൻ തുനിഞ്ഞപ്പോഴും കാംബ്ലി സുഹൃത്തിനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.
തുടർന്ന് പരിപാടിയുടെ സംഘാടകരിലൊരാൾ എത്തി സച്ചിനെ ഇരിപ്പിടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ചറി നേടിയ കാംബ്ലി, പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെത്തുടർന്നാണ് ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലി 2004ലാണ് കരിയർ അവസാനിപ്പിക്കുന്നത്.
ബിസിസിഐ നൽകുന്ന പെൻഷൻ ഉപയോഗിച്ചാണ് കുടുംബം കഴിയുന്നതെന്ന് വിനോദ് കാംബ്ലി 2022 ൽ വെളിപ്പെടുത്തിയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്ന വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു വിനോദ് കാംബ്ലി തന്നെ പിന്നീടു വ്യക്തമാക്കി.