പാക്കിസ്ഥാനെ ഞെട്ടിച്ച് സിംബാബ്‍വെ; മൂന്നാം ട്വന്റി20യിൽ രണ്ടു വിക്കറ്റ് വിജയം, കളി ജയിപ്പിച്ച് വാലറ്റക്കാർ
Mail This Article
ബുലവായോ∙ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാനെ തോല്‍പിച്ച് സിംബാബ്‍വെ. പാക്കിസ്ഥാൻ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. സ്കോർ: പാക്കിസ്ഥാൻ- 20 ഓവറിൽ ഏഴിന് 132, സിംബാബ്‍വെ 19.5 ഓവറിൽ എട്ടിന് 133. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ സിംബാബ്‍വെയ്ക്ക് മൂന്നാം പോരാട്ടത്തിൽ രണ്ടു വിക്കറ്റുകളുടെ വിജയം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മോശം തുടക്കമായിരുന്നു മത്സരത്തിൽ ലഭിച്ചത്. ഷഹിബ്സദ ഫർഹാൻ (നാല് റൺസ്), ഒമൈര്‍ യൂസഫ് (പൂജ്യം), ഉസ്മാൻ ഖാൻ (അഞ്ച്) എന്നിവർ അതിവേഗം പുറത്തായി മടങ്ങി. 32 പന്തിൽ 32 റൺസെടുത്ത ക്യാപ്റ്റൻ ആഗ സൽമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മധ്യനിരയിൽ തയ്യിബ് താഹിർ (14 പന്തിൽ 21), ക്വാസിം അക്രം (15 പന്തിൽ 20), അറഫാത്ത് മിൻഹാസ് (26 പന്തിൽ 22) എന്നിവരും പിടിച്ചുനിന്നു.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ ബാറ്റിങ്ങാണ് സിംബാബ്‍വെ ഇന്നിങ്സിന്റെ നട്ടെല്ലായത്. 35 പന്തുകൾ നേരിട്ട താരം 43 റൺസെടുത്തു പുറത്തായി. വിക്കറ്റുകൾ തുടർച്ചയായി വീണെങ്കിലും വാലറ്റക്കാർ സിംബാബ്‍വെയെ 19.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തിച്ചു. പാക്കിസ്ഥാൻ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.