ഹെഡ് ഒന്നോ, രണ്ടോ റൺസെടുത്ത് ഔട്ടായതല്ല, സിറാജിന്റെ ആഘോഷം അനാവശ്യമെന്ന് ഗാവസ്കർ
Mail This Article
അഡ്‍ലെയ്ഡ്∙ സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം. ‘‘എന്നോടു ചോദിച്ചാൽ അത് അനാവശ്യമെന്നേ ഞാൻ പറയൂ. ഹെഡ് 140 റൺസാണ് നേടിയത് അല്ലാതെ ഒന്നോ രണ്ടോ റൺസല്ല. മികച്ച രീതിയിൽ ബാറ്റു ചെയ്ത് ആരാധകരെ കയ്യിലെടുത്ത ഒരു താരത്തെ ഇങ്ങനെയൊന്നും പറഞ്ഞുവിടേണ്ട കാര്യമില്ല.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു.
ട്രാവിസ് ഹെഡിനെ പുറത്താക്കിയതിലൂടെ സിറാജ് ഒരു വില്ലനായി മാറി. ഹെഡ് പുറത്തായ ശേഷം സിറാജ് കയ്യടിച്ചിരുന്നെങ്കില്‍ അദ്ദേഹം അഡ്‍ലെയ്ഡ് സ്റ്റേഡിയത്തിൽ ഒരു ഹീറോയായി മാറുമായിരുന്നു.’’– ഗാവസ്കർ പറഞ്ഞു. അതേസമയം ഒരു ബോളറെന്ന നിലയിൽ ആ സമയത്ത് ഉണ്ടാകേണ്ട തീവ്രതയാണ് ഗ്രൗണ്ടിൽ കണ്ടതെന്ന് ഓസ്ട്രേലിയ മുൻ താരം മാത്യു ഹെയ്ഡൻ ഒരു ചർച്ചയിൽ പറഞ്ഞു.
‘‘സിറാജിന്റെ ഭാഗത്തുനിന്ന് വൈകാരിക പ്രതികരണമാണ് ഉണ്ടായത്. എങ്കിലും 140 റൺസെടുത്ത് ഹീറോയായി നിൽക്കുകയാണ് ട്രാവിസ് ഹെഡ്. സിറാജിന്റെ പ്രതികരണത്തിൽ കുറച്ച് ഒതുക്കം ആകാമായിരുന്നു.’’– ഹെയ്ഡൻ വ്യക്തമാക്കി. മത്സരത്തിൽ 141 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 140 റൺസെടുത്താണു പുറത്തായത്. ആദ്യ ഇന്നിങ്സിൽ 24.3 ഓവറുകൾ പന്തെറിഞ്ഞ സിറാജ് 98 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.