‘36കാരനായ രഹാനെ 56 പന്തിൽ 98, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബോളർമാരുടെ നിലവാരം ദയനീയം’ എന്ന് പാക്ക് ഇൻഫ്ലുവൻസർ; വിമർശനം
Mail This Article
ഇസ്‍ലാമാബാദ്∙ മുപ്പത്താറുകാരനായ അജിൻക്യ രഹാനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 56 പന്തിൽനിന്ന് 98 റൺസ് നേടിയ പ്രകടനം, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ബോളർമാരുടെ നിലവാരത്തകർച്ചയാണ് കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ട പാക്ക് ഇൻഫ്ലുവൻസറിന് വിമർശനം. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, രഹാനെയുടെ പ്രകടനം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ബോളർമാരുടെ നിലവാരക്കുറവാണ് കാണിക്കുന്നതെന്ന് പാക്ക് ഇൻഫ്ലുവൻസർ ഫരീദ് ഖാൻ കുറിച്ചത്. ഇയാൾക്കെതിരെ കടുത്ത പരിഹാസവുമായി ഇന്ത്യൻ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
‘‘മുപ്പത്താറു വയസ്സുകാരനായ അജിൻക്യ രഹാനെയെന്ന ബാറ്റർ 56 പന്തിൽ 175 സ്ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത് 98 റൺസ്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഏഷ്യൻ രാജ്യങ്ങളിൽത്തന്നെ ഏറ്റവും മോശമായിരിക്കും’ – ഫരീദ് ഖാൻ കുറിച്ചു.
ഇതിനു പുറമേ, രഹാനെയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് മോശമാണെന്ന് സ്ഥാപിക്കാൻ മറ്റു പോസ്റ്റുകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ‘‘ഒരു ട്വന്റി20 ടൂർണമെന്റിൽ 172 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത് അജിൻക്യ രഹാനെ ടോപ് സ്കോററാകുമ്പോൾ, ആ ടൂർണമെന്റിന്റെ ബോളിങ് നിലവാരം ഒന്ന് ആലോചിച്ചു നോക്കൂ. പിന്നെ അവിടുത്തെ ഫ്ലാറ്റ് പിച്ചുകളുടെ നിലവാരവും’ – മറ്റൊരു പോസ്റ്റിൽ പറയുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയും ബറോഡയും തമ്മിലുള്ള സെമിഫൈനൽ പുരോഗമിക്കുമ്പോഴും ഇയാൾ വിവാദപരമായ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘‘മുംബൈയ്‌ക്കായി സെമിഫൈനലിൽ മുപ്പത്താറുകാരനായ അജിൻക്യ രഹാനെ 41 പന്തിൽ 68 റൺസുമായി ബാറ്റിങ് തുടരുന്നു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ബോളിങ് നിലവാരം ഇത്രയേയുള്ളൂ’ – ഫരീദ് ഖാൻ കുറിച്ചു.
ഇന്ത്യൻ ക്രിക്കറ്റിനെയും ക്രിക്കറ്റ് താരങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ച് മുൻപും വിവാദത്തിൽ ചാടിയിട്ടുള്ളയാളാണ് ഈ ഇൻഫ്ലുവൻസർ. ഇന്ത്യൻ യുവ ബോളർമാരിൽ അതിവേഗം കൊണ്ട് ശ്രദ്ധ നേടിയ മായങ്ക് യാദവിനെ, ബിസിസിഐ ഷഹീൻ അഫ്രീദിയുടെയും ഹാരിസ് റൗഫിന്റെയും ബോളിങ് ദൃശ്യങ്ങൾ കാണിച്ചാണ് പരിശീലിപ്പിക്കുന്നതെന്ന തരത്തിൽ നടത്തിയ പരാമർശം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻപ് പാക്കിസ്ഥാൻ ടീമിന്റെ ബോളിങ് പരിശീലകനായിരുന്ന മോണി മോർക്കലിനാണ്, ലക്നൗ സൂപ്പർ ജയന്റ്സിൽ മായങ്ക് യാദവിനെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ഒരുക്കാനുള്ള ഉത്തരവാദിത്തമെന്നും പോസ്റ്റിൽ കുറിച്ചിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്രസിങ് ധോണിയെയും പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെയും താരതമ്യം ചെയ്ത്, ആരാണ് മികച്ച താരമെന്ന് എക്സിൽ ചോദ്യം പങ്കുവച്ചതിന് ഹർഭജൻ സിങ്ങും ഇയാളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘താങ്കൾ നിലവിൽ എന്തുതരം സാധനമാണ് വലിച്ചുകയറ്റുന്നത്?’ എന്ന ചോദ്യത്തോടെയാണ് ധോണി – റിസ്‌വാൻ താരതമ്യത്തിനുള്ള ശ്രമത്തെ ഹർഭജൻ നേരിട്ടത്. മുഹമ്മദ് റിസ്‌വാൻ മികച്ച താരമാണെങ്കിലും, ധോണിയുമായി താരതമ്യം ചെയ്യപ്പെടാൻ മാത്രം വളർന്നിട്ടില്ലെന്ന് ഹർഭജൻ കുറിച്ചു.