ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഗാബയിൽ ഫോളോ ഓണും പിന്നാലെ തോൽവിയും തുറിച്ചുനോക്കിയ ഘട്ടത്തിൽ വാലറ്റക്കാരായ ആകാശ്ദീപും ജസ്പ്രീത് ബുമ്രയും ‘കനമുള്ള’ ബാറ്റുമായി ടീം ഇന്ത്യയുടെ രക്ഷകരായി. പിരിയാത്ത 10–ാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ടുമായി ഇരുവരും മിന്നിയതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. നാലാം ദിനം വെളിച്ചക്കുറവു മൂലം മത്സരം നിർത്തുമ്പോൾ, ഒന്നാം ഇന്നിങ്സിൽ 74.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന  നിലയിലാണ് ഇന്ത്യ. ആകാശ്ദീപ് 27 റൺസോടെയും ജസ്പ്രീത് ബുമ്ര 10 റണ്‍സോടെയും ക്രീസിൽ. പിരിയാത്ത 10–ാം വിക്കറ്റിൽ 54 പന്തിലാണ് ഇരുവരും നിർണായകമായ 39 റൺസ് കൂട്ടിച്ചേർത്തത്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.

ഫോളോ ഓൺ ചെയ്യേണ്ടി വന്നിരുന്നെങ്കിൽ ഒരു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെ ഇന്ത്യ വീണ്ടും ബാറ്റു ചെയ്യേണ്ടി വരുമായിരുന്നു. ഓസീസിന് വിജയസാധ്യതയുമുണ്ടായിരുന്നു. ടീം ഏറ്റവും പ്രതീക്ഷ വച്ചിരുന്ന രവീന്ദ്ര ജഡേജ ഒൻപതാമനായി പുറത്താകുമ്പോൾ ഫോളോ ഓൺ ഒഴിവാക്കുന്നതിൽനിന്ന് 33 റൺസ് അകലെയായിരുന്നു ഇന്ത്യ. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യ ഫോളോ ഓൺ െചയ്യേണ്ടിവരുമെന്ന് ഉറപ്പിച്ചവരെ അതിശയിപ്പിച്ച്, മുൻനിര ബാറ്റർമാരെയും അതിശയിക്കുന്ന ബാറ്റിങ്ങ് മികവോടെ ആകാശ്ദീപ് – ബുമ്ര സഖ്യം ഇന്ത്യയുടെ രക്ഷകരായി.

31 പന്തുകൾ നേരിട്ട ആകാശ്ദീപ്, രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് 27 റൺസെടുത്തത്. ബുമ്ര 27 പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമെടുത്തു. ഓസീസ് നായകൻ പാറ്റ് കമിൻസ് ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാൻ ആവനാഴിയിലെ അവസാന അസ്ത്രം വരെ പ്രയോഗിച്ചെങ്കിലും, ബുമ്ര – ആകാശ്ദീപ് കൂട്ടുകെട്ട് പൊളിക്കാനായില്ല. കമിൻസിനെതിരെ ഫോറടിച്ച് ഫോളോ ഓൺ ഒഴിവാക്കിയ ആകാശ്ദീപ്, അതേ ഓവറിൽ പടുകൂറ്റൻ സിക്സർ കൂടി നേടിയാണ് ഈ നേട്ടം ആഘോഷിച്ചത്. പിന്നാലെ വെളിച്ചക്കുറവു മൂലം മത്സരം നിർത്താൻ അംപയർമാർ തീരുമാനിച്ചു.

123 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത രവീന്ദ്ര ജഡേജയെ ഓസീസ് നായകൻ പാറ്റ് കമിൻസാണ് പുറത്താക്കിയത്. മിച്ചൽ മാർഷ് ക്യാച്ചെടുത്തു. മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞതോടെ ശ്രദ്ധ നഷ്ടമായ ജഡേജ, വമ്പൻ ഷോട്ടിനു ശ്രമിച്ചാണ് പുറത്തായത്. ഓപ്പണർ കെ.എൽ. രാഹുൽ 84 റൺസെടുത്തും പുറത്തായി. 139 പന്തുകൾ നേരിട്ട രാഹുൽ, എട്ടു ഫോറുകളോടെയാണ് 84 റൺസെടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമ (27 പന്തിൽ 10), നിതീഷ് കുമാർ റെഡ്ഡി (61 പന്തിൽ 16), മുഹമ്മദ് സിറാജ് (11 പന്തിൽ ഒന്ന്) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു താരങ്ങൾ. ഓസീസിനായി പാറ്റ് കമിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെയ്സൽവുഡ്, നേഥൻ ലയോൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ന് പുറത്തായ ആദ്യ താരം. പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത രോഹിത്, 10 റൺസെടുത്ത് പുറത്തായി. 27 പന്തിൽ രണ്ടു ഫോറുകളോടെയാണ് രോഹിത് 10 റൺസെടുത്തത്. പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് രോഹിത് പുറത്തായത്. ജഡേജയ്ക്കൊപ്പം 67 റൺസ് കൂട്ടുകെട്ടു സ്ഥാപിച്ചതിനു പിന്നാലെ രാഹുലും മടങ്ങി. സെഞ്ചറിയിലേക്കു കുതിക്കുകയായിരുന്ന രാഹുലിനെ, നേഥൻ ലയോണിന്റെ പന്തിലാണ് സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇന്നത്തെ ആദ്യ പന്തിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തിലാണ്, രാഹുൽ നൽകിയ അനായാസ ക്യാച്ച് സ്മിത്ത് കൈവിട്ടത്. രാഹുൽ 139 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് 84 റൺസെടുത്തത്.

ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – നിതീഷ് റെഡ്ഡി സഖ്യം ഇന്ത്യയ്ക്കായി അർധസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 53 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്. 61 പന്തിൽ ഒരു ഫോർ സഹിതം 16 റൺസെടുത്ത് ജഡേജയ്‌ക്കൊപ്പം ഇന്ത്യയെ രക്ഷപ്പെടുത്താൻ ശ്രമിച്ച നിതീഷ് റെഡ്ഡിയെ, പാറ്റ് കമിൻസ് ബൗൾഡാക്കി. പിന്നാലെ മുഹമ്മദ് സിറാജിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് മൂന്നാമത്തെ വിക്കറ്റ് പോക്കറ്റിലാക്കി. ഒരറ്റത്തു വിക്കറ്റുകൾ കൊഴിഞ്ഞതോടെ സമ്മർദ്ദത്തിലായ ജഡേജ, കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഫോളോ ഓണിന്റെ വക്കിലായി. ഒടുവിൽ ബുമ്ര – ആകാശ്ദീപ് സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്.

∙ മഴ ‘കളിച്ച’ മൂന്നാം ദിനം

നേരത്തെ, രസംകൊല്ലിയായി ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെട്ട മഴ മൂന്നാം ദിനം അഞ്ചാം തവണയും തടസം സൃഷ്ടിച്ച് പെയ്തതോടെ, അംപയർമാർ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുത്ത് നിൽക്കെയാണ് മഴ അഞ്ചാം തവണയും കളി മുടക്കിയത്. ഇതിനു പിന്നാലെ വെളിച്ചക്കുറവും പ്രശ്നം സൃഷ്ടിച്ചതോടെ, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ ‘സ്ഥിരം എതിരാളി’ മിച്ചൽ സ്റ്റാർക്കിനെതിരെ ബൗണ്ടറിയുമായി തുടങ്ങിയ യശസ്വി ജയ്സ്വാൾ, തൊട്ടടുത്ത പന്തിൽ പുറത്താകുന്ന കാഴ്ചയോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് തുടക്കമായത്. ഷോർട്ട് മിഡ്‌വിക്കറ്റിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്തു. തുടർന്നെത്തിയ ശുഭ്മൻ ഗില്ലിന് ആയുസ് മൂന്നു പന്തു മാത്രം. സ്റ്റാർക്കിന്റെ രണ്ടാം ഓവറിൽ ഗള്ളിയിൽ മിച്ചൽ മാർഷിന്റെ തകർപ്പൻ ക്യാച്ചിൽ ആ ഇന്നിങ്സും അവസാനിച്ചു.

ഒരു വശത്തെ വിക്കറ്റ് വീഴ്ച വകവയ്ക്കാതെ സ്വതസിദ്ധമായി കളിച്ചു മുന്നേറിയ കെ.എൽ. രാഹുലിനൊപ്പം വിരാട് കോലിയും ചേർന്നതോടെ ഇന്ത്യ തകർച്ചയിൽനിന്ന് കരകയറുമെന്ന പ്രതീതി ഉയർന്നു. ഏതാനും ഓവറുകൾ ഇരുവരും സ്റ്റാർക്ക് – ഹെയ്സൽവുഡ് പേസ് ദ്വയത്തെ പ്രതിരോധിക്കുകയും ചെയ്തു. ഇടയ്ക്ക് ഹെയ്സൽവുഡിനെതിരെ ഇരട്ട ബൗണ്ടറിയുമായി രാഹുൽ കരുത്തുകാട്ടി. എന്നാൽ അടുത്ത വരവിൽ കോലിയെ മടക്കി ഹെയ്സൽവുഡ് തിരിച്ചടിച്ചു. വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ കോലിയുടെ സമ്പാദ്യം 16 പന്തിൽ മൂന്നു റൺസ് മാത്രം. മഴയുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി അധികം വൈകാതെ പന്തും പുറത്തായി. 12 പന്തിൽ ഒൻപതു റൺസെടുത്ത പന്തിനെ പാറ്റ് കമിൻസിന്റെ പന്തിൽ അലക്സ് കാരി ക്യാച്ചെടുത്ത് മടക്കി.

English Summary:

Australia vs India, 3rd Cricket Test, Day 4 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com