സ്മൃതി മന്ഥന അർധ സെഞ്ചറി നേടിയിട്ടും രക്ഷയില്ല, തകർത്തടിച്ച വിൻഡീസിനു മുന്നിൽ വീണ് ഇന്ത്യ
Mail This Article
നവി മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്‍ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
നവി മുംബൈയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ടാം മത്സരം കളിച്ചിരുന്നില്ല. ഓപ്പണർ സ്മൃതി മന്ഥനയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. ക്യാപ്റ്റൻ സ്മൃതി 41 പന്തിൽ 62 റൺസെടുത്തു പുറത്തായി.
റിച്ച ഘോഷ് (17 പന്തിൽ 32), ദീപ്തി ശർമ (15 പന്തിൽ 17), ജെമീമ റോഡ്രിഗസ് (15 പന്തിൽ 13) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മലയാളി താരം സജന സജീവൻ രണ്ടു റൺസ് മാത്രമെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ നിലയുറപ്പിച്ചതോടെ അനായാസമായിരുന്നു വിൻഡീസ് താരങ്ങളുടെ ബാറ്റിങ്. ക്യാപ്റ്റൻ ഹെയ്‍ലി മാത്യൂസ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു.
ക്വാന ജോസഫ് (22 പന്തിൽ 38) റൺസെടുത്തു പുറത്തായി. പിന്നാലെയെത്തിയ ഷെമെയ്ൻ കാംബെല്ലും (26 പന്തിൽ 29) തിളങ്ങിയതോടെ 15.4 ഓവറില്‍ വെസ്റ്റിൻഡീസ് വിജയത്തിലെത്തി. പരമ്പരയിലെ അവസാന മത്സരം 19ന് നവി മുംബൈയിൽ നടക്കും.