ADVERTISEMENT

മുംബൈ ∙ ധാരാവിയിലെ ജാഹിദ് അലിയുടെ രണ്ടുമുറി വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി ആളുകളുടെ പ്രവാഹമാണ്. വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ലേലത്തിൽ ഇത്തവണത്തെ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ‘ധാരാവിയുടെ മകൾക്ക്’. ഇലക്ട്രീഷനായ ജാഹിദ് അലിയുടെ മകൾ സിമ്രാൻ ഷെയ്ഖിനെ 1.90 കോടി രൂപയ്ക്കാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരി.

കുടിലുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ ചെറുപ്പത്തിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുനടന്നതിന്റെ പേരിൽ ശകാരമേറ്റുവാങ്ങിയിട്ടുണ്ട് സിമ്രാൻ. അന്നു കുറ്റപ്പെടുത്തിയവരിൽ പലരും ഇന്ന് വീട്ടിലേക്കു പൂച്ചെണ്ടുമായി എത്തുമ്പോൾ പിതാവ് ജാഹിദ് അലിയുടെ കണ്ണിൽ ആനന്ദക്കണ്ണീർ പൊടിയുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ലേലത്തിലാണ് 22 വയസ്സുള്ള സിമ്രാൻ ഏറ്റവും മൂല്യമേറിയ താരമായത്. കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് ഗുജറാത്ത് ജയന്റ്സ് വൻതുക മുടക്കി സിമ്രാനെ സ്വന്തമാക്കാൻ കാരണം.

ചേരിയിലെ ഇടുങ്ങിയ വീട്ടിലാണ് 11 അംഗങ്ങളുള്ള സിമ്രാന്റെ കുടുംബം താമസിക്കുന്നത്. എട്ടു മക്കളിലൊരാളാണു സിമ്രാൻ. മകളുടെ നേട്ടം മാതാവ് അക്താരി ബാനുവിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. ‘‘ഞങ്ങൾ വളരെ പാവപ്പെട്ടവരാണ്. ഇത്രയും വലിയ തുകയൊന്നും സ്വപ്നം പോലും കണ്ടിട്ടില്ല. പത്താംക്ലാസ് കഴിഞ്ഞ ശേഷമാണ് മകൾ ക്രിക്കറ്റിൽ പൂർണമായി ശ്രദ്ധിച്ചുതുടങ്ങിയത്. കഠിനാധ്വാനത്തിന്റെ വിജയമാണിത്. ഇപ്പോൾ അവളുടെ പേരിലാണ് ഞങ്ങൾ അറിയപ്പെടുന്നത് – അക്താരി ബാനു പറഞ്ഞു.

മകൾക്കു ലഭിക്കുന്ന പണംകൊണ്ട് കുറച്ചു സൗകര്യമുള്ള വീട്ടിലേക്കു മാറണമെന്നതാണ് ഇലക്ട്രിക്കൽ ജോലിയിൽ നിന്നുള്ള ചെറിയ വരുമാനംകൊണ്ടു കുടുംബം നടത്തുന്ന ജാഹിദ് അലിയുടെ ആഗ്രഹം. ആൺകുട്ടികൾക്കൊപ്പം കളിച്ചുനടക്കുന്നതിന് അയൽക്കാർ പലരും കുറ്റം പറഞ്ഞപ്പോഴും തന്നെ പിതാവ് നിരുത്സാഹപ്പെടുത്താതിരുന്നതാണ് ബലമായതെന്നു സിമ്രാൻ ഷെയ്ഖ് പറയുന്നു. ഇന്ത്യൻ താരമാവുകയാണു സിമ്രാന്റെ സ്വപ്നം.

English Summary:

Women's Premier League Auction: Simran Shaikh gets highest bid of 1.90 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com