ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിൽ ഓസീസ് താരം ട്രാവിസ് ഹെഡിനോട് ക്ഷമാപണം നടത്തി ഇന്ത്യയുടെ ആകാശ്ദീപ് സിങ്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന്, ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഒന്നാം സെഷനിൽ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. ഇടതുകാലിലെ പാഡിനുള്ളിൽ കുടുങ്ങിയ പന്തിനായി ട്രാവിസ് ഹെഡ് കൈനീട്ടി നിൽക്കെ, അദ്ദേഹത്തിനു നൽകാതെ പന്ത് ഗ്രൗണ്ടിലിട്ട് അപമാനകരമായി പെരുമാറിയതിനാണ് ആകാശ്ദീപ് ക്ഷമ പറഞ്ഞത്.

മത്സരത്തിന്റെ അവസാന ദിനം ഇന്ത്യൻ ഇന്നിങ്സിലെ 78–ാം ഓവറിലാണ് സംഭവം. നേഥൻ ലയൺ ബോൾ ചെയ്ത ഈ ഓവറിലെ ഒരു പന്ത് ആകാശ് ദീപ് പ്രതിരോധിക്കാൻ ശ്രമിച്ചു. പാഡിലിടിച്ച് ഉയർന്നുപൊങ്ങിയ പന്ത് ഗ്ലൗവിലും തട്ടി ഇടതുകാലിലെ പാഡിന്റെ ഇടയിൽ കുടുങ്ങി. ഫോർവേഡ് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡ് മുന്നോട്ടു വന്ന് ആകാശ്ദീപിനോട് പന്ത് ആവശ്യപ്പെട്ടു. പാഡിനിടയിൽ കുടുങ്ങിക്കിടന്ന പന്തെടുത്ത ആകാശ്ദീപ്, കൈനീട്ടിയ ഹെഡിനു നൽകുന്നതിനു പകരം ഗ്രൗണ്ടിലേക്ക് ഇടുകയായിരുന്നു.

കൈനീട്ടിയിട്ടും പന്തു കയ്യിൽ തരാതെ നിലത്തിട്ട ആകാശ്ദീപിന്റെ പ്രവൃത്തി ഹെഡിനെ അതൃപ്തനാക്കിയെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണം തെളിയിച്ചു. കുനിഞ്ഞ് പന്തെടുക്കും മുൻപ് ഹെഡ് ആകാശ്ദീപിനെ തുറിച്ചുനോക്കിയതോടെ, ആകാശ്ദീപ് ക്ഷമാപണം നടത്തി. പന്ത് ബോളർക്ക് എറിഞ്ഞുനൽകി ഹെഡ് തന്റെ സ്ഥാനത്തേക്ക് മാറുകയും ചെയ്തു.

നേരത്തെ, 10–ാം വിക്കറ്റിൽ ആകാശ്ദീപ് സിങ് – ജസ്പ്രീത് ബുമ്ര സഖ്യം കാഴ്ചവച്ച പോരാട്ടത്തിന്റെ മികവിൽ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 260 റൺസിന് പുറത്തായിരുന്നു. ഇന്ന് നാല് ഓവർ കൂടി പിടിച്ചുനിന്ന ഇന്ത്യ, 78.5 ഓവറിലാണ് 260 റൺസിന് പുറത്തായത്. പതിനൊന്നാമനായി ക്രീസിലെത്തിയ ആകാശ്ദീപ് സിങ്, 44 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത് ട്രാവിസ് ഹെഡിന്റെ പന്തിൽ പുറത്തായി. ജസ്പ്രീത് ബുമ്ര 38 പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമായി പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 47 റൺസ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 275 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ട ഓസീസിന്റെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി ബോളിങ്ങിലും ആകാശ്ദീപ് തിളങ്ങി.

English Summary:

Akash Deep Singh Apologizes to Travis Head in Brisbane Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com