അശ്വിന് വിരമിക്കാൻ ഇനിയും സമയമുണ്ടായിരുന്നു, ഇത് അസാധാരണ നീക്കം: വിമർശിച്ച് ഗാവസ്കർ
Mail This Article
ബ്രിസ്ബെയ്ൻ∙ ആർ. അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം നേരത്തേ ആയിപ്പോയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഒരു പരമ്പരയിലെ മത്സരങ്ങളെല്ലാം പൂർത്തിയാകും മുൻപേ വിരമിക്കൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് ഗാവസ്കറുടെ നിലപാട്. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾക്കു ശേഷം അശ്വിനു തീരുമാനം പ്രഖ്യാപിക്കാമായിരുന്നെന്നും ഗാവസ്കർ വ്യക്തമാക്കി.
‘‘ ഈ പരമ്പരയ്ക്കു ശേഷം കളിക്കില്ലെന്ന് അശ്വിന്‍ പറഞ്ഞാൽ മതിയായിരുന്നു. 2014–15 വര്‍ഷത്തെ പരമ്പരയിൽ എം.എസ്. ധോണി ചെയ്തത് അതാണ്. ഒരു പരമ്പരയ്ക്ക് സിലക്ഷൻ കമ്മിറ്റി താരങ്ങളെ ടീമിലെടുക്കുന്നത് ഓരോ കാര്യങ്ങളും ആലോചിച്ചാണ്. താരങ്ങൾക്കു പരുക്കു വന്നാൽ റിസർവിൽനിന്ന് പുതിയ ആളെ തിരഞ്ഞെടുക്കാൻ സാധിക്കും.’’
‘‘സിഡ്നിയിലെ പിച്ച് സ്പിന്നർമാർക്ക് ഒരുപാട് സാധ്യതകൾ നൽകുന്നതാണ്. അതുകൊണ്ടു തന്നെ ഇന്ത്യ രണ്ടു സ്പിന്നർമാരെ ടീമിലെടുത്തു കളിക്കണം. അശ്വിന് അവിടെ കളിക്കാമായിരുന്നു. മെല്‍ബണിലെ പിച്ചിന്റെ സ്വഭാവം എന്താണെന്ന് എനിക്ക് ധാരണയില്ല. ഒരു പരമ്പരയുടെ മധ്യത്തിൽവച്ച് വിരമിക്കൽ പ്രഖ്യാപിക്കുന്നത് അസാധാരണമായ കാര്യമാണ്. അദ്ദേഹത്തിന് സമയമുണ്ടായിരുന്നു’’– ഗാവസ്കർ പ്രതികരിച്ചു.
അശ്വിനു പുറമേ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറുമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്പിന്നർമാർ. ഓസ്ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിന്‍ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നു. പക്ഷേ ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം ടെസ്റ്റിൽ താരം ഇറങ്ങിയില്ല.