ADVERTISEMENT

ലക്‌നൗ∙ വിജയ് മർച്ചന്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് കേരളത്തിന്റെ വിജയം.

ആറു വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിന്റെയും തോമസ് മാത്യുവിന്റെയും ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഇഷാൻ രാജ് സെഞ്ചറിക്ക് ഏഴ് റൺസ് അകലെ പുറത്തായെങ്കിലും തോമസ് മാത്യു കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്നു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസിന്റെ ഇന്നിങ്സ്. 140 പന്തുകളിൽ നിന്ന് 10 ഫോറുകൾ സഹിതമാണ് ഇഷാൻ രാജ് 93 റൺസ് നേടിയത്.

ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിനായി സെഞ്ചറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപേ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ്.ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ.  26–ാം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയായിരുന്നു നന്ദന്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മർച്ചന്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തേ, ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണായക പങ്കു വഹിച്ചിരുന്നു.

English Summary:

Vijay Merchant Trophy: Kerala wins by an innings against Meghalaya in Vijay Merchant Trophy cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com