ക്യാപ്റ്റനാകാൻ സാധിക്കാത്തതിൽ നഷ്ടബോധമില്ല: പുതിയ വഴികളിൽ യാത്ര തുടരുമെന്ന് അശ്വിൻ
Mail This Article
ചെന്നൈ ∙ വിരമിക്കൽ പ്രഖ്യാപനം വൈകാരികമായി തോന്നാമെങ്കിലും ഇൗ തീരുമാനം തനിക്കു വലിയ ആശ്വാസവും സംതൃപ്തിയും പകരുന്നതായി ക്രിക്കറ്റ് താരം ആർ.അശ്വിൻ. ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ട്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. മുൻപൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ വിക്കറ്റ് എടുക്കുന്നതിനെക്കുറിച്ചും റൺസെടുക്കുന്നതിനെക്കുറിച്ചുമൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ കഴിഞ്ഞ 2 വർഷമായി ഇത്തരം ചിന്തകൾ കടന്നു വരാറില്ല. പുതിയ വഴി സ്വീകരിക്കണമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. പുതിയ ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ഇന്ത്യൻ ക്യാപ്റ്റനാകാൻ സാധിക്കാത്തതിൽ ഒരുതരത്തിലുള്ള നഷ്ടബോധവും എനിക്കില്ല’’– അശ്വിൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തിയ അശ്വിനു ജന്മനാട്ടിൽ ഊഷ്മള വരവേൽപ് ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽനിന്നു വെസ്റ്റ് മാമ്പലത്തെ വീട്ടിലെത്തിയ അശ്വിനെ പുഷ്പവൃഷ്ടി നടത്തിയാണ് ബന്ധുക്കളും സുഹൃത്തുക്കളും വരവേറ്റത്. പിതാവ് രവിചന്ദ്രൻ സ്നേഹ ചുംബനം നൽകി വീട്ടിലേക്ക് ആനയിച്ചു. പരമ്പരാഗത തമിഴ് രീതിയിൽ അമ്മ ചിത്ര ആരതി ഉഴിഞ്ഞു. ഭാര്യ പ്രീതിയും മക്കളും അശ്വിന് ഒപ്പമുണ്ടായിരുന്നു.