പരിശീലിക്കാൻ സമയമില്ല, രാത്രി മുഴുവൻ പുറത്ത്; പൃഥ്വി ഷായെ ഒഴിവാക്കിയത് വെറുതെയല്ല!
Mail This Article
മുംബൈ∙ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ മുംബൈ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള രോഷം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയ പൃഥ്വി ഷായ്ക്ക് രൂക്ഷവിമർശനം. പൃഥ്വി ഷായുടെ നീക്കത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്. ടീമിനൊപ്പം ക്യാംപിലുണ്ടായിരിക്കുന്ന സമയത്തും പൃഥ്വി ഷാ രാത്രി മുഴുവൻ പുറത്തായിരിക്കുമെന്നും രാവിലെ ആറു മണിക്കൊക്കെയാണ് ഹോട്ടലിലേക്കു തിരികെയെത്തുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമിൽ ഇടം പിടിക്കാൻ പൃഥ്വി ഷായ്ക്കു സാധിച്ചിരുന്നില്ല. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവ്, ശിവം ദുബെ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കുന്നുണ്ട്. ‘‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 ഫീൽഡർമാരുമായി മുംബൈയ്ക്കു കളിക്കേണ്ടിവന്നു. പന്ത് അടുത്തുകൂടി കടന്നുപോകുമ്പോൾ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാൻ സാധിക്കുന്നില്ല.’’
‘‘ബാറ്റിങ്ങിന്റെ സമയത്ത് പന്ത് കണക്ട് ചെയ്യാൻ പൃഥ്വി ഷാ ബുദ്ധിമുട്ടുന്നതു നമുക്കു കാണാനാകും. താരത്തിന്റെ ഫിറ്റ്നസ്, അച്ചടക്കം, സ്വഭാവം എല്ലാം വളരെ മോശമാണ്. ഓരോ താരങ്ങള്‍ക്കും ഇവിടെ വ്യത്യസ്ത നിയമമൊന്നും ഇല്ല. പൃഥ്വി ഷായുടെ ശൈലിയെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങൾ വരെ പരാതി പറഞ്ഞു തുടങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സമയത്ത് അദ്ദേഹം പരിശീലന സെഷനുകൾക്ക് കൃത്യമായി എത്തില്ല. രാത്രി മുഴുവൻ പുറത്തായിരിക്കും, രാവിലെ ആറു മണിക്കൊക്കെ ടീം ഹോട്ടലിലേക്കു കയറിവരും.’’
‘‘ക്രിക്കറ്റില്‍ കൂടുതൽ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലർത്താൻ പൃഥ്വി ഷാ തയാറാകുന്നില്ല. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ അദ്ദേഹത്തിന് ആനുകൂല്യമൊന്നും ലഭിക്കില്ല. കാരണം മുംബൈയുടെ സിലക്ടർമാരെയോ, ക്രിക്കറ്റ് അസോസിയേഷനെയോ സ്വാധീനിക്കാൻ ആ പോസ്റ്റുകൾക്കു സാധിക്കില്ല.’’– എംസിഎ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.